News

വിറ്റുവരവില്‍ വര്‍ധന രേഖപ്പെടുത്തി കല്യാണ്‍ ജൂവലേഴ്സ്; 61 ശതമാനം വളര്‍ച്ച

തൃശൂര്‍: കല്യാണ്‍ ജൂവലേഴ്സിന്റെ വിറ്റുവരവില്‍ വര്‍ധന. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ വിറ്റുവരവില്‍ 61 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഈ സാമ്പത്തികവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ആകെ വിറ്റുവരവ് 2889 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ആകെ വിറ്റുവരവ് 1798 കോടിയായിരുന്നു. ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഇബിഐടിഡിഎ 228 കോടിയായിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ ആകമാന നഷ്ടം 18 കോടിയായിരുന്നു. രണ്ടാം പാദത്തില്‍ 69 കോടി രൂപയാണ് അറ്റാദായം. മുന്‍ വര്‍ഷം സമാന കാലയളവില്‍ 136  കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്ന സ്ഥാനത്താണ് ഈ മുന്നേറ്റം.

ലോക്ക്ഡൗണ്‍ കാലത്ത് കമ്പനിയുടെ പ്രധാന വിപണികളില്‍ ഒന്നായ കേരളത്തിലെ ഷോറൂമുകള്‍ അടിച്ചിട്ടിരുന്നെങ്കില്‍ പോലും വിറ്റുവരവില്‍ വളര്‍ച്ച നേടാനായി. ഓഗസ്റ്റ് മാസം രണ്ടാം ആഴ്ചയിലാണ് കേരളത്തിലെ ഷോറൂമുകളെല്ലാം പൂര്‍ണമായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. ദക്ഷിണേന്ത്യക്ക് പുറത്തുള്ള വിപണികളില്‍ സെയിം സ്റ്റോര്‍ സെയില്‍സ് ഗ്രോത്ത് (എസ്എസ്എസ്ജി) 72 ശതമാനമായിരുന്നുവെങ്കില്‍ ദക്ഷിണേന്ത്യന്‍ വിപണികളിലെ എസ്എസ്എസ്ജി 44% ശതമാനമായിരുന്നു. കോവിഡ്19 മായി ബന്ധപ്പെട്ട് കേരളത്തിലെ ഷോറൂമുകള്‍ അടച്ചിട്ടതാണ് ഈ വ്യതിയാനത്തിന് കാരണം. രണ്ടാം പാദത്തില്‍ ഇന്ത്യയിലെ ആകമാന എസ്എസ്എസ്ജി 52  ശതമാനമായിരുന്നു.

കല്യാണ്‍ ജൂവലേഴ്സിന്റെ ഇന്ത്യയിലെ വ്യാപാരത്തില്‍ നിന്ന് മാത്രമുള്ള ഇബിഐടിഡിഎ 201 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇബിഐടിഡിഎ 147 കോടിയായിരുന്നു. ഈ വര്‍ഷം രണ്ടാം പാദത്തില്‍ ആകമാന ലാഭം മുന്‍ വര്‍ഷത്തെ 29 കോടിയില്‍നിന്ന് 68 കോടി രൂപയായി ഉയര്‍ന്നു.

ഗള്‍ഫ്മേഖലയില്‍ മികച്ച വളര്‍ച്ച നേടിയ കമ്പനി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 61 ശതമാനം വരുമാന വളര്‍ച്ച നേടി. രണ്ടാം പാദത്തില്‍ ഗള്‍ഫ്മേഖലയിലെ ഇബിഐടിഡിഎ 26 കോടി രൂപയായിരുന്നുവെങ്കില്‍ മുന്‍വര്‍ഷം ഇതേ കാലയളവിലെ ആകമാന നഷ്ടം 132 കോടിയായിരുന്നു. മുന്‍വര്‍ഷത്തില്‍ കമ്പനി 165 കോടി രൂപ നഷ്ടമാണ് രേഖപ്പെടുത്തിയെങ്കിലും ഈ വര്‍ഷം രണ്ടാം പാദത്തില്‍ ആകമാന ലാഭം 0.35 കോടി രൂപയാണ്.

ഇ-കോമേഴ്സ് വിഭാഗമായ കാന്‍ഡിയര്‍ രണ്ടാം പാദ വിറ്റുവരവില്‍ 47 ശതമാനം വര്‍ദ്ധനവ് നേടി. ആകമാന ലാഭം 0.54 കോടിയായിരുന്നുവെങ്കില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ഇതേ പാദത്തിലെ ആകമാന ലാഭം 1  കോടി രൂപയായിരുന്നു.ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലും ഗള്‍ഫ്മേഖലയിലെ നാല് രാജ്യങ്ങളിലുമായി കമ്പനിക്ക് 150 ഷോറൂമുകളിലായി 5 ലക്ഷത്തിലധികം ചതുരശ്രയടി വിസ്തീര്‍ണമുള്ള റീട്ടെയ്ല്‍ സ്ഥലമാണുള്ളത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കമ്പനി 10 പുതിയ ഷോറൂമുകള്‍ ആരംഭിച്ചിരുന്നു.ഈ കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനം വളരെ സംതൃപ്തി നല്കുന്നതായിരുന്നുവെന്ന് കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു.

Author

Related Articles