News

പശു കേന്ദ്രീകൃതമായ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി; കാമധേനു ആയോഗ് എത്തുന്നത് 500 കോടിയുമായി; സംരംഭങ്ങള്‍ക്ക് 60 ശതമാനം വരെ ഫണ്ട് നല്‍കുമെന്ന് അധികൃതര്‍

അഹമ്മദാബാദ് : രാജ്യം സാമ്പത്തിക രംഗത്ത് മാന്ദ്യം നേരിടുന്ന വേളയിലും സംരംഭങ്ങള്‍ക്ക് കൈത്താങ്ങല്‍ നല്‍കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ക്ഷീര കര്‍ഷകര്‍ക്ക് മികച്ച വരുമാനം ലഭ്യമാക്കുന്ന പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ട് വെക്കുന്നത്. 500 കോടി രൂപയുടെ പദ്ധതിയായ കാമധേനു ആയോഗാണ് രാജ്യത്തെ ചെറുപ്പക്കാരായ ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങായി എത്തുന്നത്. ക്ഷീര സംരംഭങ്ങള്‍ക്ക് 60 ശതമാനം വരെ ഫണ്ട് നല്‍കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

പദ്ധതിയിലൂടെ പാല്‍, വെണ്ണ, നെയ്യ് എന്നീ ഭക്ഷ്യോല്‍പന്നങ്ങള്‍ മാത്രമല്ല, ഗോമൂത്രം, ചാണകം തുടങ്ങിയവയും മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി പണം സമ്പാദിക്കാം. ഔഷധ, കൃഷി മേഖലകളില്‍ ഇവ ഉപയോഗപ്പെടുത്താം.  ഗോമൂത്രവും ചാണകവും വാണിജ്യവത്കരിക്കാനായാല്‍, പാലുത്പാദനം കുറയുന്നതോടെ പശുവിനെ ഉപേക്ഷിക്കേണ്ട അവസ്ഥ കര്‍ഷകര്‍ക്ക് ഒഴിവാക്കാം. പശു ഉത്പന്നങ്ങളുടെ ഔഷധമൂല്യ ഗവേഷണത്തെ പ്രോത്സാഹിപ്പിക്കും. ഗോശാലകള്‍ നടത്തുന്നവര്‍ക്കു നൈപുണ്യ വികസന പരിശീലനങ്ങള്‍ നല്‍കുമെന്നും കാമധേനു ആയോഗ് ബോര്‍ഡ് ചെയര്‍മാന്‍ വല്ലഭ് കതിരിയ വിശദീകരിച്ചു.

ഗാന്ധിനഗറിലെ ഒന്‍ട്രപ്രനര്‍ഷിപ്പ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ വിദ്യാര്‍ഥികളുമായും അക്കാദമി അംഗങ്ങളുമായും സംവദിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഫെബ്രുവരിയിലാണു രാഷ്ട്രീയ കാമധേനു ആയോഗിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. പദ്ധതിക്കായി 500 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

പശു വളര്‍ത്തല്‍, പരിപാലനം, പ്രത്യുത്പാദനം, കാലിത്തീറ്റ ഉത്പാദനം, മൂല്യവര്‍ധന എന്നീ മേഖലകളില്‍ നേട്ടമുണ്ടാക്കുകയാണു ലക്ഷ്യം. വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ക്ഷീര മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കാന്‍ പദ്ധതിയിലൂടെ കഴിയുമെന്നു സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

Author

Related Articles