News

നൈകയുടെ കുതിപ്പ് മുതലാക്കി കത്രീന കൈഫും അലിയ ഭട്ടും

മുംബൈ: ഇന്ത്യന്‍ ഫാഷന്‍ ബ്രാന്‍ഡായ നൈകയുടെ ഓഹരി വിപണിയിലെ കുതിപ്പ് മുതലാക്കി ബോളിവുഡ് നടിമാരായ കത്രീന കൈഫും അലിയ ഭട്ടും. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിന് പിന്നാലെ നൈകയുടെ മൂല്യം ഉയര്‍ന്നതോടെയാണ് ബോളിവുഡ് സെലിബ്രികളും വന്‍ നേട്ടം സ്വന്തമാക്കിയത്. നൈക്കയുടെ മാതൃകമ്പനിയായ എഫ്എസ്എന്‍ ഇ-കോമേഴ്‌സില്‍ 2020ല്‍ അലിയ ഭട്ട് 4.95 കോടി നിക്ഷേപിച്ചിരുന്നു. ഇപ്പോള്‍ ഏകദേശം 54 കോടിയാണ് അലിയയുടെ നിക്ഷേപത്തിന്റെ മൂല്യം.

2018ലാണ് നൈക-കെകെ ബ്യൂട്ടി എന്ന ബ്രാന്‍ഡില്‍ കത്രീന കൈഫ് 2.04 കോടി നിക്ഷേപിച്ചത്. ഏകദേശം 22 കോടി രൂപയാണ് കത്രീനയുടെ നിക്ഷേപത്തിന്റെ ഇന്നത്തെ മൂല്യം. അലിയ ഭട്ട് ഫൂല്‍ എന്ന കമ്പനിയിലും നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതാദ്യമായല്ല ബോളിവുഡ് താരങ്ങള്‍ ഓഹരി വിപണിയില്‍ നിന്ന് വന്‍ നേട്ടമുണ്ടാക്കുന്നത്. ജസ്റ്റ് ഡയലിലെ നിക്ഷേപത്തില്‍ നിന്ന് 2013ല്‍ അമിതാഭ് ബച്ചന്‍ 43 ഇരട്ടി നേട്ടമുണ്ടാക്കിയിരുന്നു. ബോളിവുഡ് നടി ദീപിക പദുക്കോണിന് ഇ-മൊബിലിറ്റി കമ്പനിയായ ബ്ലുസ്മാര്‍ട്ടിലും എഡ്‌ടെക് പ്ലാറ്റ്‌ഫോം ഫ്രണ്ട്‌റോവിലും ബ്യൂട്ടി കോമേഴ്‌സ് സ്ഥാപനം പര്‍പ്പിളിലും നിക്ഷേപമുണ്ട്. കാജല്‍ അഗര്‍വാളിന് ഗെയിമിങ് കമ്പനിയായ ഓകിയില്‍ 15 ശതമാനമാണ് നിക്ഷേപം.

ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‌ലി, യുവരാജ് സിങ്, ശിഖര്‍ ധവാന്‍ എന്നിവരും സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെയാണ് നൈക വ്യാപാരത്തിന് തുടക്കം കുറിച്ചത്. എന്‍.എസ്.ഇയില്‍ 82ശതമാനം നേട്ടത്തോടെ 2,054 രൂപയിലാണ് നൈക്കയുടെ വ്യാപാരം. ഐ.പി.ഒയിലെ ഇഷ്യു വില 1,125 രൂപയായിരുന്നു. ബി.എസ്.ഇയില്‍ 2063 രൂപക്കാണ് നൈക ലിസ്റ്റ് ചെയ്തത്. കമ്പനിയുടെ വിപണിമൂലധനം ബി.എസ്.ഇയില്‍ ഒരു ലക്ഷം കോടി കടന്നു.

Author

Related Articles