News

മോട്ടോര്‍സൈക്കിളിന്റെ വില കൂട്ടാന്‍ തയ്യാറെടുത്ത് കവാസാക്കി ഇന്ത്യ

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ കവാസാക്കി ഇന്ത്യ തങ്ങളുടെ മോട്ടോര്‍സൈക്കിളിന്റെ വില കൂട്ടാന്‍ തയ്യാറെടുക്കുന്നു. 2022 ജനുവരി ഒന്നു മുതല്‍ വില വര്‍ധിപ്പിക്കുമെന്ന് കവാസാക്കി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ വിലയില്‍ ബൈക്കുകള്‍ സ്വന്തമാക്കാന്‍ വാങ്ങുന്നവര്‍ക്ക് ഒരാഴ്ചയോളം സമയവും കമ്പനി നല്‍കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓഗസ്റ്റ് 1 മുതല്‍ കവാസാക്കി അതിന്റെ മിക്ക മോഡലുകളുടെയും വില ഉയര്‍ത്തിയിരുന്നു. ഇതിന് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് ഏറ്റവും പുതിയ വില വര്‍ദ്ധന. അതേസമയം, വരാനിരിക്കുന്ന വില വര്‍ദ്ധനവില്‍, ചില മോഡലുകള്‍ ഒഴികെയുള്ള കവാസാക്കിയുടെ റോഡ്-ലീഗല്‍ ശ്രേണിയില്‍ നിന്നുള്ള എല്ലാ ബൈക്കുകളും ഉള്‍പ്പെടുന്നു. കവാസാക്കിയുടെ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലായ നിഞ്ച 300-ന്റെ എക്സ്ഷോറൂം വില 6,000 രൂപ വര്‍ധിപ്പിച്ച് 3.24 ലക്ഷം രൂപയായി. അതേസമയം, കമ്പനിയുടെ ലിറ്റര്‍ ക്ലാസ് സൂപ്പര്‍സ്പോര്‍ട്ടിന്റെ വില 23,000 രൂപ വര്‍ധിപ്പിക്കും.

വിലക്കയറ്റത്തിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അസംസ്‌കൃത വസ്തുക്കളുടെ വിലയിലെ വര്‍ധനവായിരിക്കാം ഇതിന് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 31-നോ അതിനുമുമ്പോ ഉപഭോക്താക്കള്‍ മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്യുകയും ബുക്കിംഗ് തീയതി മുതല്‍ 45 ദിവസത്തിനുള്ളില്‍ ഡെലിവറി നടത്തുകയും ചെയ്താല്‍, ഡിസംബര്‍ 31 ലെ എക്സ്-ഷോറൂം വില ബാധകമാകുമെന്നും കവാസാക്കി പറഞ്ഞു.

അതേസമയം, 2022 അവസാനത്തിന് മുമ്പ് മൂന്ന് പുതിയ ഇലക്ട്രിക്, ഹൈബ്രിഡ് ബൈക്കുകള്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കവാസാക്കി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ കവാസാക്കി നടത്തിയ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായാണ് ഇത് വരുന്നത്. 2035 ഓടെ തങ്ങളുടെ വാഹന ശ്രേണിയില്‍ ഭൂരിഭാഗവും ഇലക്ട്രിക്, ഹൈബ്രിഡ് മോഡലുകള്‍ ആക്കി മാറ്റാന്‍ പദ്ധതിയിടുന്നതായും കവാസാക്കി ഇന്ത്യ അവകാശപ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Author

Related Articles