News

10,000 കോടി രൂപയുടെ 100 ദിന കര്‍മ്മ പരിപാടികളുമായി കേരളം

തിരുവനന്തപുരം: പുതിയ പദ്ധതികളും നിലവിലുള്ളവയുടെ പൂര്‍ത്തീകരണവുമായി 10,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കൂടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. 5700 കോടി രൂപയുടെ 5526 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 4300 കോടി രൂപയുടെ 646 പദ്ധതികള്‍ക്കു തുടക്കം കുറിക്കും. പൂര്‍ത്തിയാകുന്ന നൂറുദിന കര്‍മപരിപാടിയുടെ തുടര്‍ച്ചയായി രണ്ടാം ഘട്ട നൂറുദിന കര്‍മ പരിപാടിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

സാമൂഹികസുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ വീതം വര്‍ധിപ്പിച്ച് അടുത്തമാസം മുതല്‍ 1500 രൂപയാക്കും. 80 ലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസമായി സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം 4 മാസം കൂടി തുടരും. അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ സ്ഥിരമായി കഴിക്കേണ്ട 250 രൂപയുടെ 5 ഇനം മരുന്നുകള്‍ അഞ്ചിലൊന്നു വിലയ്ക്ക് പൊതുമേഖലയിലെ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സില്‍ (കെഎസ്ഡിപി) ഉല്‍പാദിപ്പിക്കും.

ഗെയില്‍ പൈപ്പ്ലൈന്‍ കൊച്ചി-മംഗളൂരു റീച്ച് അടുത്ത മാസവും കൊച്ചി-പാലക്കാട് റീച്ച് ഫെബ്രുവരിയിലും ഉദ്ഘാടനം ചെയ്യും. റായ്പുര്‍-പുഗലൂര്‍-മാടക്കത്തറ വൈദ്യുതി ലൈന്‍ ജനുവരിയില്‍ ഉദ്ഘാടനം നടത്തും. കെ ഫോണ്‍ പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം ഫെബ്രുവരിയില്‍ നടത്തും. ബിപിഎല്‍ കുടുംബങ്ങളിലേക്കും 30,000 സര്‍ക്കാര്‍ ഓഫിസുകളിലേക്കും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് എത്തിക്കും. 10,000 പട്ടയങ്ങള്‍ കൂടി വിതരണം ചെയ്യും. ലൈഫ് പദ്ധതിയില്‍ 15,000 വീടുകള്‍ കൂടി മാര്‍ച്ചിനകം പൂര്‍ത്തീകരിക്കും. 35,000 വീടുകളുടെ നിര്‍മാണം തുടങ്ങുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

News Desk
Author

Related Articles