News

ആരോഗ്യ മേഖലയ്ക്കായി ബജറ്റിലെ നീക്കിയിരിപ്പ് 2,629 കോടി രൂപ

ആരോഗ്യ മേഖലയില്‍ ശ്രദ്ധയൂന്നി കേരളത്തിന്റെ 25-ാം സംസ്ഥാന ബജറ്റ്. കൊവിഡ് പ്രതിരോധത്തിലൂടെ ലോക മാതൃക സൃഷ്ടിച്ച കേരളം ആരോഗ മേഖല കൂടുതല്‍ കരുത്തുള്ളതാക്കാന്‍ ഇത്തവണത്തെ സംസ്ഥാന ബജറ്റ് പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ട്. 2,629.33 കോടി രൂപയാണ് ആരോഗ്യ മേഖലയ്ക്ക് നീക്കിയിരിപ്പ്. അതായത്, കഴിഞ്ഞ വര്‍ഷത്തെ ബജറ്റിനേക്കാള്‍ 252 കോടി രൂപ അധികം. കോവിഡ് കാലത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കിയ സ്തുത്യര്‍ഹമായ സേവനത്തെ അനുമോദിച്ചുകൊണ്ടാണ് ആരോഗ്യ മേഖലയിലെ പ്രഖ്യാപനങ്ങളിലേക്ക് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രവേശിച്ചത്.

കേരളത്തിന്റെ അഭിമാനമായ തിരുവനന്തപുരത്തെ റീജിണല്‍ കാന്‍സര്‍ സെന്ററിനെ സ്റ്റേറ്റ് കാന്‍സര്‍ സെന്ററായി ഉയര്‍ത്തുമെന്നാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി 81 കോടി രൂപ നീക്കി വച്ചിട്ടുണ്ട്. കൂടാതെ കൊച്ചി കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 14.52 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ശ്രദ്ധേയമായ മറ്റൊരു കാര്യം മലബാര്‍ കാന്‍സര്‍ സെന്ററിന് 28 കോടി രൂപ നല്‍കുമെന്നതാണ്. മലബാറുകാരുടെ ആവശ്യങ്ങളെ ബജറ്റില്‍ കാര്യമായി പരിഗണിച്ചിട്ടുണ്ട്. 427 കോടി ചെലവഴിച്ചുള്ള മലബാര്‍ ക്യാന്‍സര്‍ സെന്‍രിന്റെ രണ്ടാം ഘട്ട വികസനം പുരോഗമിക്കുകയാണ്. സാമൂഹിക പങ്കാളിത്തത്തോടെ കാന്‍സര്‍ ബോധവത്കരണവും ചികിത്സാ സൗകര്യവും മെച്ചപ്പെടുത്താന്‍ ബജറ്റ് ഊന്നല്‍ നല്‍കിയിട്ടുണ്ട്.

വാക്സിന്‍ ഗവേഷണത്തിനും ആധുനിക ലബോറട്ടറി സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി തിരുവനന്തപുരത്തെ തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് 50 കോടിരൂപ അനുവദിക്കും. കാരുണ്യ പദ്ധതിക്കായി 500 കോടിയാണ് നീക്കി വച്ചത്. സാന്ത്വന പരിചരണത്തിനായി 5 കോടിയും അനുവദിക്കാന്‍ ബജറ്റ് പ്രഖ്യാപനമായി. ദേശീയ ആരോഗ്യമിഷന് 482 കോടിയും ആയുര്‍വേദ മിഷന് 10 കോടിയും അനുവദിക്കും. 17 കോടിയുടെ എന്‍ഡോസള്‍ഫാന്‍ പാക്കേജ് നടപ്പാക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ പറയുന്നു.

Author

Related Articles