News

ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റ് അവതരണം നടത്തി കെ എന്‍ ബാലഗോപാല്‍; കന്നി ബജറ്റ് പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: നാടകീയതകളോ 'അത്ഭുത' പ്രഖ്യാപനങ്ങളോ കവിതാശകലങ്ങളുടെ മേമ്പൊടിയോ മഹാരഥന്മാരുടെ ഉദ്ധരണികളോ ഒന്നും കെ.എന്‍ ബാലഗോപാലിന്റെ കന്നി ബജറ്റില്‍ ഇടംപിടിച്ചില്ല. കൃത്യം ഒരു മണിക്കൂര്‍ സമയം മാത്രം നീണ്ട ബജറ്റ് വായന രാവിലെ ഒമ്പതിന് തുടങ്ങി കൃത്യം 10 മണിക്ക് പൂര്‍ത്തിയായി പിരിഞ്ഞു. ബജറ്റ് വായനയില്‍ തന്നെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റ് അവതരണങ്ങളില്‍ ഒന്നായി ബാലഗോപാലിന്റെ കന്നി ബജറ്റ്.

തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെയും കോവിഡിന്റെ വെല്ലുവിളി അഭിമുഖീകരിച്ചുമുള്ള ബജറ്റ് ഊന്നല്‍ നല്‍കിയതും കോവിഡ് പ്രതിരോധത്തിന് തന്നെയാണ്. കോവിഡ് കാലത്ത് പുതിയ നികുതി നിര്‍ദേശങ്ങളില്ലാതെ ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ ചിലനിര്‍ദേശങ്ങള്‍ അതേ പടി ഇതിന്റെയും ഭാഗമാക്കുന്നു എന്ന പ്രഖ്യാപനത്തോടെയാണ് 16,910.12 കോടി ധനകമ്മിയുള്ള ബജറ്റ് അവതരിപ്പിച്ചത്.

കൊവിഡ് രണ്ടാം തരംഗമുണ്ടാക്കിയ പ്രതിസന്ധിക്ക് പരിഹാരങ്ങള്‍ കൂട്ടി ചേര്‍ത്താണ് ബജറ്റുമായി മുന്നോട്ട് പോകുന്നതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.  20000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജാണ് ബജറ്റ് മുന്നോട്ട് വയ്ക്കുന്നത്. ഇതില്‍ 2800 കോടി കൊവിഡ് പ്രതിരോധത്തിന് ചെലവഴിക്കും. 8000 കോടി നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനുള്ള നിര്‍ദ്ദേശങ്ങളും ബജറ്റ് മുന്നോട്ട് വയ്ക്കുന്നുണ്ട്.

രണ്ടാം കൊവിഡ് പാക്കേജിന് വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി കൊവിഡ് പ്രതിരോധത്തിന് ആറിന പരിപാടി കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യമേഖലക്ക് വലിയ ഊന്നല്‍ നല്‍കിയാണ് പദ്ധതികളെല്ലാം. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍  ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കും. താലൂക് ആശുപത്രികളിലും 10 ഐസൊലേഷന്‍ കിടക്കകള്‍ ഉണ്ടാക്കും. 635 കോടി രൂപയാണ് ഇതിനായി മാറ്റിവച്ചിട്ടുള്ളത്.

ഓരോ മെഡിക്കല്‍ കോളേജുകളിലും പകര്‍ച്ചവ്യാധി തടയാന്‍ പ്രത്യേക ബ്ലോക്കുകളുണ്ടാക്കും. 50 കോടി രൂപയാണ് ഇതിനായി മാറ്റിവയ്ക്കുന്നത്. തിരുവനന്തപുരത്തും കോഴിക്കോട്ടും പദ്ധതി ഈ വര്‍ഷം തന്നെ നടപ്പാക്കും. മൂന്നാം തരംഗത്തിന്റെ സാധ്യത മുന്നില്‍ കണ്ട് കുട്ടികള്‍ക്കുള്ള ഐസിയു സംവിധാനം വികസിപ്പിക്കും. അമേരിക്കന്‍ സിഡിസി മാതൃകയില്‍ മെഡിക്കല്‍ റിസര്‍ച്ചിന് പുതിയ കേന്ദ്രം ഉണ്ടാക്കുമെന്ന വാഗ്ദാനവും ബജറ്റിലുണ്ട്. സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യ വാക്‌സീന്‍ ലഭ്യമാക്കും. 1000 കോടിയാണ് ഇതിനായി മാറ്റിവയ്ക്കുന്നത്. സംസ്ഥാനത്ത് വാക്‌സീന്‍ ഗവേഷണം തുടങ്ങും. അതിനായി 10 കോടി രൂപയാണ് ബജറ്റ് നീക്കി വച്ചിട്ടുള്ളത്.

കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങുന്ന പദ്ധതികളും ആദ്യ ബജറ്റിലുണ്ട്. 2000 കോടി രൂപയുടെ വായ്പയാണ് കാര്‍ഷിക മേഖലയ്ക്കായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരെയും ചെറുപ്പക്കാരെയും കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനും കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പുവരുത്തുന്നതിനും വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നവീകരിക്കുന്നതിന്റെ ഭാഗമായി കൃഷിഭവനുകളെ സ്മാര്‍ട്ട് ആക്കും.

ഇതിനായി നടീല്‍ വസ്തുക്കളുടെ വിതരണം, മണ്ണിന്റെ സ്വഭാവത്തിനനുസരിച്ചുള്ള കൃഷി, കൃഷി പരിപാലനം, കോള്‍ഡ് സ്റ്റോറേജുകളുടെ ശൃം?ഗല ആധുനിക ഡിജിറ്റല്‍ സംവിധാനങ്ങളുടെ സഹായത്തോടെ ആധുനിക വല്‍ക്കരിക്കും. ഇതിന്റെ പ്രാഥമിക ചെലവുകള്‍ക്കായി ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

കാര്‍ഷിക മേഖലയിലെ വികസന പ്രക്രിയയിലെ പ്രധാനതടസ്സം മൂലധന രൂപീകരണത്തിലെ കുറവാണ്. മെച്ചപ്പെട്ട നിക്ഷേപ വായ്പാ സംവിധാനം ഒരുക്കിയാല്‍ സ്വകാര്യ മൂലധന രൂപികരണം വര്‍ദ്ധിപ്പിച്ച് പ്രാദേശിക വിപണികള്‍ ഗോഡൗണുകള്‍ തുടങ്ങിയവയും പൈനാപ്പിള്‍, വാഴപ്പഴം, മാമ്പഴം, തുടങ്ങിവയുടെ സംസ്‌കരണ കേന്ദ്രങ്ങളും സൃഷ്ടിക്കുന്നതിന് കഴിയും. പഴം പച്ചക്കറി, മാംസ സംസ്‌കരണ മേഖലകളില്‍ ഇടപെടാന്‍ കഴിയും.

കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനത്തിനായി സംസ്ഥാനത്ത് സേവന ശൃംഖല ആരംഭിക്കും. പൈലറ്റ് പദ്ധതി ആരംഭിക്കും. കാര്‍ഷിക ഉത്പാദക  കമ്പനികളെയും സഹകരണ സംഘങ്ങളെയും കാര്‍ഷിക ചന്തകളെയും ഇതില്‍ ഉള്‍പ്പെടുത്തും. ഇതിനായി ധനമന്ത്രി പത്ത് കോടി രൂപ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 5 അഗ്രോ പാര്‍ക്കുകള്‍ തുടങ്ങുമെന്നും ബജറ്റില്‍ പ്രഖ്യാപനിച്ചു. ഇതിനായി 10 കോടി അനുവദിച്ചു. തോട്ടം മേഖലയ്ക്കും ബജറ്റില്‍ പ്രഖ്യാപനം. പ്ലാന്റേഷനായി 5 കോടി അനുവദിച്ചു.

Author

Related Articles