News

സര്‍ക്കാര്‍ ശമ്പളം വൈകും; ശമ്പളം പുതിയ ഓര്‍ഡിനന്‍സ് തയ്യാറായ ശേഷം മാത്രം; ദുരന്തം ഉണ്ടെന്ന് പ്രഖ്യാപിച്ചാല്‍ 25 ശതമാനം വരെ ശമ്പളം പിടിച്ചെടുക്കും

തിരുവനന്തപുരം: ശമ്പളം കുറയ്ക്കുന്നത് സംബന്ധിച്ച് പുതിയ ഓര്‍ഡിനന്‍സ് തയ്യാറായ ശേഷം മാത്രെമെ ഈ മാസം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം ഉണ്ടാകൂ. ശമ്പള വിതരണം വൈകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് കിട്ടുന്ന വിവരം. ദുരന്തം ഉണ്ടെന്ന് പ്രഖ്യാപിച്ചാല്‍ 25 ശതമാനം വരെ ശമ്പളം പിടിച്ചെടുക്കാനാകുന്ന വിധത്തിലാണ് ഓര്‍ഡിനന്‍സ് തയ്യാറാക്കുന്നത്. അതേസമയം ശമ്പളം തിരിച്ചു നല്‍കുന്നത് 6 മാസത്തിനുള്ളില്‍ തീരുമാനിച്ചാല്‍ മതി.

ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല വിധിക്കെതിരെ അപ്പീല്‍ പോകേണ്ടെന്ന് സര്‍ക്കാര്‍ തലത്തില്‍ ധാരണയിലെത്തിയിരുന്നു. അഞ്ച് മാസത്തേക്ക് ആറ് ദിവസത്തെ വീതം ശമ്പളം മാറ്റിവയ്ക്കാനായിരുന്നു തീരുമാനം. ഇത് കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഓര്‍ഡിനന്‍സ് ഇറക്കുന്നതിന്റെ നിയമ സാധുത പരിശോധിക്കാന്‍ നിയമ വകുപ്പിന് ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

സര്‍ക്കാര്‍ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി രണ്ട് മാസത്തെ സ്റ്റേ അനുവദിച്ചത്. ഇതൊരു നിയമപ്രശ്‌നമാണെന്നും അതിനെ നിയമപരമായി മാത്രമേ കാണാനാവൂ എന്നും കോടതി പറഞ്ഞു. എല്ലാവരുടെയും പിന്തുണ സര്‍ക്കാരിന് വേണ്ട അസാധാരണമായ സാഹചര്യമാണ് ഇപ്പോഴത്തേത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പരക്കെ അംഗീകരിക്കപ്പെട്ടതാണ്. അതേസമയം ശമ്പളം അവകാശമാണെന്ന് കോടതി വിശദീകരിച്ചു.

സര്‍ക്കാര്‍ ഉത്തരവില്‍ അവ്യക്തതയുണ്ടെന്ന് കോടതി പറഞ്ഞു. ജീവനക്കാരുടെ വേതനത്തില്‍ നിന്ന് മാറ്റിവയ്ക്കുന്ന തുക എന്തിന് വേണ്ടിയാണ് ഉപയോഗിക്കുകയെന്ന് പറഞ്ഞിട്ടില്ല. സാമ്പത്തിക പ്രതിസന്ധി എന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി എന്ന പേരു പറഞ്ഞ് ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് അംഗീകരിക്കാനാകില്ല. അതിനാല്‍ ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്യുകയാണെന്നും കോടതി അറിയിച്ചു.

Author

Related Articles