News

യൂറോപ്യന്‍ വിപണി നിങ്ങളുടെ സ്വപ്‌നമാണോ? സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കായി കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്റെ പുതിയ പ്രൊജക്ട്

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത് നല്ലകാലമാണ്. കാരണം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ജര്‍മന്‍ മെയിന്‍സ്റ്റേജ് ഇന്‍കുബേറ്ററുമായി ധാരണാപത്രം ഒപ്പുവെച്ചു. കളമശേരിയിലെ ഇന്റഗ്രേറ്റഡ് കോംപ്ലക്‌സില്‍ നടന്ന ചടങ്ങിലാണ് കരാര്‍ ഒപ്പുവെച്ചത്. പുതിയ കരാറിലൂടെ യൂറോപ്യന്‍ വിപണിയിലേക്കുള്ള പ്രവേശനം കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എളുപ്പമാകും.ജര്‍മനിയിലെ മെയിന്‍സ്‌റ്റേജ് ഇന്‍കുബേറ്ററുമായുള്ള ധാരണാപത്രം ഒപ്പുവെച്ചിരിക്കുകയാണ് കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍. പുതിയ കരാറിലൂടെ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെയിന്‍സ്റ്റേജിന്റെ ഓഫിസില്‍ ഇന്‍കുബേറ്റ് ചെയ്യാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്.

കൂടാതെ ജര്‍മനിയിലെ പ്രമുഖ വാണിജ്യ സ്ഥാപനങ്ങളിലേക്കും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലേക്കും സ്വന്തം സ്റ്റാര്‍ട്ടപ്പിനെ പരിചയപ്പെടുത്താനും കൊമേഴ്യല്‍ കരാറുകളില്‍ ഏര്‍പ്പെടാനുള്ള സൗകര്യവും ലഭിക്കും. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യൂറോപ്യന്‍ വിപണിയിലേക്കുള്ള വാതിലുകളാണ് തുറന്നുകിട്ടിയിരിക്കുന്നതെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കരന്‍ പറഞ്ഞു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ മികച്ച ഉല്‍പ്പന്നങ്ങളാണ് പ്രധാനം ചെയ്യുന്നത്. ഇവയെ വിപണിക്ക് അനുയോജ്യമായി അവതരിപ്പിക്കാന്‍ മെയിന്‍ സ്റ്റേജ് ഇന്‍കുബേറ്ററുമായുള്ള സഹകരണത്തിലൂടെ സാധിക്കും.

കേരളാ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ജര്‍മന്‍ വിപണിക്കും ഇടയിലെ ഒരു പാലം പോലെ വര്‍ത്തിക്കുകയാണ് തങ്ങളുടെ ചുമതലയെന്ന് മെയിന്‍സ്‌റ്റേജ്  ഇന്‍കുബേറ്റര്‍ മേധാവി സ്വേന്‍ വാഗ്ണര്‍ പറഞ്ഞു. ബഹിരാകാശ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മന്‍ വിപണിയില്‍ വന്‍ സാധ്യതകളാണ് ഉള്ളത്. നിക്ഷേപ സമാഹരണ സംഗമങ്ങള്‍,സംരംഭങ്ങളുടെ പ്രചരണം വ്യവസായ മേധാവികളുമായുള്ള കമ്മ്യൂണിക്കേഷന്‍ എന്നിവ സാധ്യമാകുന്നതോടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വന്‍ഭാവിയാണ് തുറന്നിട്ടിരിക്കുന്നത്. യൂറോപ്യന്‍ വിപണിക്ക് അനുയോജ്യമായി എങ്ങിനെ സ്റ്റാര്‍ട്ടപ്പിനെ സജ്ജമാക്കാം എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കാനും മെയിന്‍സ്റ്റേജ് ഇന്‍കുബേറ്ററിന് പദ്ധതിയുണ്ട്. കരാര്‍ നടപ്പാകുന്നതോടെ കേരളത്തിലെ നല്ല സ്റ്റാര്‍ട്ടപ്പുകളുടെ ത്വരിതഗതിയിലുള്ള വികാസമായിരിക്കും കാണാന്‍ സാധിക്കുക.

Author

Related Articles