News

നീതി ആയോഗ് സുസ്ഥിരവികസന ലക്ഷ്യ സൂചികയില്‍ കേരളം ഏറ്റവും മുന്നില്‍

ന്യൂഡല്‍ഹി: നീതി ആയോഗിന്റെ സുസ്ഥിരവികസന ലക്ഷ്യസൂചികയില്‍ കേരളം ഏറ്റവും മുന്നിലെന്ന് സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടി. സൂചികയില്‍ 75 സ്‌കോര്‍ നേടിയാണ് കേരളം മുന്നിലെത്തിയത്. തമിഴ്നാട്, ഹിമാചല്‍പ്രദേശ് എന്നിവ രണ്ടാം സ്ഥാനത്താണ്. ഗോവ, ഉത്തരാഖണ്ഡ്, കര്‍ണാടകം, ആന്ധ്രാപ്രദേശ് എന്നിവയാണ് തൊട്ടുപിന്നില്‍. കേന്ദ്രഭരണപ്രദേശങ്ങളില്‍ ചണ്ഡീഗഢാണ് മുന്നില്‍.

മെച്ചപ്പെട്ട ശൗചാലയങ്ങളുള്ള വീടുകള്‍, ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ശിശുമരണനിരക്ക് എന്നിവയിലും സംസ്ഥാനം മുന്നിലാണ്. കേരളത്തില്‍ 98.2 ശതമാനം വീടുകളിലും മികച്ച ശൗചാലയങ്ങളുണ്ട്. ഇക്കാര്യത്തില്‍ 70 ശതമാനമാണ് ദേശീയ ശരാശരി. ഏറ്റവും പിന്നിലുള്ള ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഇവ യഥാക്രമം 26, 25 ശതമാനം വീതമാണ്. ഉത്തര്‍പ്രദേശില്‍ 2015-16ല്‍ 68.8 ശതമാനമുണ്ടായിരുന്നത് ഇപ്പോള്‍ 36.4 ശതമാനമായി കുറഞ്ഞെന്ന് സര്‍വേയില്‍ പറയുന്നു. 2014 ഒക്ടോബര്‍ രണ്ടിന് ശുചിത്വഭാരത പദ്ധതി ആരംഭിച്ചതുമുതല്‍ കഴിഞ്ഞ ഡിസംബര്‍ വരെ 10.86 കോടി ശൗചാലയങ്ങള്‍ രാജ്യത്തുണ്ടാക്കി.

ശുദ്ധ ഇന്ധനം (പാചകവാതകവും മറ്റും) ഉപയോഗിക്കുന്ന വീടുകളുടെ എണ്ണം കേരളത്തില്‍ കുറഞ്ഞെന്നാണ് സര്‍വേയില്‍ പറയുന്നത്. 2015-16ല്‍ സംസ്ഥാനത്തെ 72.1 ശതമാനം വീടുകളില്‍ ശുദ്ധ ഇന്ധനം ഉപയോഗിച്ചിരുന്നത് 57.4 ശതമാനമായി കുറഞ്ഞു. ആയുര്‍ദൈര്‍ഘ്യം ഏറ്റവും കൂടുതല്‍ (75.3 വയസ്സ്) കേരളത്തിലും ഡല്‍ഹിയിലുമാണ്. ശിശുമരണ നിരക്ക് ഏറ്റവും കുറവും കേരളത്തിലാണ്.

Author

Related Articles