News

സര്‍ക്കാര്‍ ശമ്പളമുള്ള കന്യാസ്ത്രീ-പുരോഹിതന്മാരില്‍ നിന്നും നികുതി പിരിക്കരുതെന്ന് ട്രഷറി ഡയറക്ടര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്ന കന്യാസ്ത്രീമാരില്‍ നിന്നും പുരോഹിതരില്‍ നിന്നും നികുതി പിരിക്കരുതെന്ന് ട്രഷറി ഡയറക്ടറുടെ ഉത്തരവ്. നികുതി പിരിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതോടെയാണ് പുതിയ ഉത്തരവ്. 2014ലെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് ക്രൈസ്തവ സഭാംഗങ്ങള്‍ കോടതിയെ സമീപിച്ചത്.

'സിസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും' എന്ന ബൈബിള്‍ വചനം ഉദ്ധരിച്ച് കൊണ്ടാണ് സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന കന്യാസ്ത്രീകളും വൈദികരും നികുതി നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. 1944 മുതല്‍ ഇവരില്‍ നിന്ന് നികുതി ഈടാക്കുന്നില്ലായിരുന്നു. 2014 ലാണ് ഇവരില്‍ നിന്നും നികുതി ഈടാക്കണമെന്ന് ആദായനികുതി വകുപ്പ് ട്രഷറി വകുപ്പിനോട് നിര്‍ദ്ദേശിച്ചത്. ഈ സര്‍ക്കുലര്‍ ചോദ്യം ചെയതാണ് 49 പേര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും നികുതി നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.  ഇതിനെതിരെയാണ് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചത്. മൗലീകവകാശത്തിന്‍മേലുള്ള കടന്ന് കയറ്റമാണ് കേന്ദ്രനീക്കമെന്നാരോപിച്ചാണ് ഇവര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഹൈക്കോടതി വിധി കഴിഞ്ഞ 12 ന് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന കന്യാസ്ത്രീകളില്‍ നിന്നും പുരോഹിതരില്‍ നിന്നും നികുതി പിരിക്കേണ്ടതില്ലെന്ന് ട്രഷറി ഡയറക്ടര്‍ ഉത്തരവിട്ടത്. തല്‍ക്കാലത്തേക്കാണ് ഉത്തരവെന്നും കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും ഇനിയുള്ള തീരുമാനമെന്നും ട്രഷറി ഡയറക്ടര്‍ പറഞ്ഞു.

News Desk
Author

Related Articles