News

കേരളം വീണ്ടും കടമെടുക്കുന്നു; 1000 കോടി രൂപ; കടപ്പത്ര ലേലം 29ന്

തിരുവനന്തപുരം: കേരളം വീണ്ടും കടമെടുക്കുന്നു. 1000 കോടി രൂപ കടമെടുക്കുന്നതിനാണ് നീക്കം. ഈ മാസം 29ന് കടപ്പത്ര ലേലം മുംബൈയില്‍ നടക്കും. ആര്‍ബിഐ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ കുബേര്‍ സംവിധാനം വഴിയാണ് ലേലം. കൊറോണയെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കടമെടുക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ സംസ്ഥാനം 6000 കോടി രൂപ കടമെടുത്തിരുന്നു. അതിന് ശേഷവും കടമെടുപ്പ് നടന്നു.

കൊറോണയെ തുടര്‍ന്ന് വരുമാന മാര്‍ഗങ്ങള്‍ അടഞ്ഞു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഏപ്രിലിലെ കടമെടുക്കല്‍. എന്നാല്‍ ലോക്ക് ഡൗണ്‍ അവസാനിക്കുകയും സംസ്ഥാനത്തെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ സജീവമാകുകയും ചെയ്തിട്ടും കടമെടുക്കേണ്ട അവസ്ഥയിലാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനും വേണ്ടിയാണ് ഖജനാവിലെ വലിയൊരു ഭാഗം പണവും നീക്കിവയ്ക്കുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു എങ്കിലും പ്രതിഷേധം കണക്കിലെടുത്ത് ആവര്‍ത്തിച്ചില്ല.

കൊറോണയുടെ പശ്ചാത്തലത്തില്‍ അധികമായുള്ള കടമെടുപ്പിന് കേന്ദ്രസര്‍ക്കാര്‍ ചില ഉപാധികള്‍ സംസ്ഥാനങ്ങള്‍ക്ക് മുമ്പാകെ വച്ചിരുന്നു. ആദ്യം ഇതിനെ എതിര്‍ത്തെങ്കിലും ഭാഗികമായി അംഗീകരിച്ച് കടമെടുപ്പിനുള്ള അവസരം ഒരുക്കാന്‍ സംസ്ഥാനം നീക്കം നടത്തി. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്, വൈദ്യുതി മേഖലയിലെ പരിഷ്‌കാരം, നഗര വികസന പരിഷ്‌കാരം, വ്യവസായം തുടങ്ങുന്നതിനുള്ള നടപടികള്‍ എളുപ്പമാക്കല്‍ എന്നിവയാണ് കേന്ദ്രം മുന്നോട്ടുവച്ച ഉപാധികള്‍.

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി സംസ്ഥാനം നടപ്പാക്കിയിട്ടുണ്ട്. വൈദ്യുതി മേഖലയില്‍ കേന്ദ്രം നിര്‍ദേശിച്ച പരിഷ്‌കാരം കേരളം നേരത്തെ നടപ്പാക്കിയതാണ്. കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ഈ പരിഷ്‌കാരം. മറ്റു ഉപാധികളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ തുടങ്ങുകയും ചെയ്തു. ഇക്കാര്യം വിശദീകരിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കാനും തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ കടമെടുക്കല്‍.

Author

Related Articles