News

ഈടില്ലാതെ 1 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും; സംരഭകര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി കെഎഫ്‌സി

കൊച്ചി: ചെറുകിട സംരഭം തുടങ്ങുന്നവരെ ഏറ്റവും അലട്ടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് മൂലധനം കണ്ടെത്തല്‍. എന്നാല്‍ ഇനി മുതല്‍ അത് ഓര്‍ത്ത് ആശങ്കപ്പെടേണ്ട. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ നടത്തുന്ന പ്രത്യേക പദ്ധതി വഴി ഈടോ ജാമ്യമോ പരിശോധനയോ ഇല്ലാതെ വായ്പ് ലഭിക്കും. ഈടിന്റെ ആവശ്യമില്ലാതെ 2000ഓളം പേര്‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള വായ്പയാണ് കെഎഫ്സി അനുവദിച്ച് നല്‍കുക.

സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായിരിക്കും വായ്പയ്ക്ക് മുന്‍ഗണന ലഭിക്കുക. അപേക്ഷിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ വായ്പയുടെ പകുതി തുക മുന്‍കൂറായി ലഭിക്കുന്നതായിരിക്കും. ഏഴ് ശതമാനം പലിശയില്‍ മൂന്ന് വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി. ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങളായ ഗൂഗിള്‍ പേ ഉള്‍പ്പടെയുള്ളവയിലൂടെ വായ്പ പണം തിരിച്ചടക്കാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത.

പദ്ധതി പ്രഖ്യാപിച്ച് ഇതിനോടകം തന്നെ 400ഓളം വായ്പകള്‍ക്ക് അനുമതി നല്‍കിയെന്ന് കെഎഫ്സി മാനേജിംഗ് ഡയറക്ടര്‍ ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അപേക്ഷകളില്‍ മൂന്നില്‍ ഒന്നും വനിതകളുടേതാണ്. എംഎസ്എംഇ രജിസ്ട്രേഷനും പാന്‍ കാര്‍ഡുകളും സുരക്ഷിതമാക്കാന്‍ അപേക്ഷകരെ കെഎഫ്സി സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Author

Related Articles