News

ഒക്ടോബറില്‍ മികച്ച നേട്ടവുമായി കിയ ഇന്ത്യ

2021 ഒക്ടോബര്‍ മാസത്തിലെ വാഹന വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ മികച്ച നേട്ടവുമായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യ. ഒക്ടോബറിലെ മികച്ച 10 വാഹനങ്ങളില്‍ കിയയുടെ വാഹനങ്ങളും സ്ഥാനം പിടിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ആദ്യത്തെ കിയ വാഹനമാണ് സെല്‍റ്റോസ്. ഏതാനും നാളുകള്‍ക്കൊണ്ട് തന്നെ ഈ മോഡല്‍ ഇടത്തരം എസ്യുവി വിപണിയില്‍ വളരെയധികം ഡിമാന്‍ഡ് സൃഷ്ടിച്ചു. 2021 ഒക്ടോബറില്‍ കമ്പനി 10,488 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടത്തിയത്.  ഈ സെഗ്മെന്റിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണിത്. 2020 ഒക്ടോബറിലെ കമ്പനിയുടെ 8,900 യൂണിറ്റുകളുടെ വില്‍പ്പനയേക്കാള്‍ 18% കൂടുതലാണിത്.

കിയ സോണറ്റ്, കിയ കാര്‍ണിവല്‍ എന്നിവയുടെ വില്‍പ്പനയും 2021 ഒക്ടോബറില്‍ മികച്ചതായിരുന്നു. സോണറ്റിന്റെ 5,443 യൂണിറ്റുകള്‍ വില്‍പ്പന നടത്തിയപ്പോള്‍, 400 കാര്‍ണിവല്‍ യൂണിറ്റുകള്‍ കമ്പനി വിറ്റതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 ഒക്ടോബറില്‍ കിയ ഇന്ത്യ മൊത്തം 16,331 വാഹനങ്ങള്‍ വിറ്റു. ഇതിലും കിയ സെല്‍റ്റോസിന്റെ 2 ലക്ഷം യൂണിറ്റുകളും കിയ സോനെറ്റിന്റെ 1 ലക്ഷം യൂണിറ്റുകളും ലോഞ്ച് ചെയ്തതിന് ശേഷം വിറ്റഴിച്ചു.

ഇടത്തരം എസ്യുവി വിഭാഗത്തില്‍ കിയയുടെ തന്നെ സഹോദരസ്ഥാപനമായ ഹ്യൂണ്ടായ് മോട്ടോഴ്സിന്റെ ക്രെറ്റയെ മലര്‍ത്തിയടിച്ചാണ് കിയ സെല്‍റ്റോസിന്റെ കുതിപ്പ് എന്നതും ശ്രദ്ധേയം.  2021 ഒക്ടോബറില്‍ ക്രെറ്റയുടെ 6,455 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിക്കാന്‍ ഹ്യുണ്ടായിക്ക് സാധിച്ചത്. 2020ല്‍ ഇതേ മാസത്തില്‍ കമ്പനി 14,023 ക്രെറ്റ വില്‍പ്പന നടത്തിയിരുന്നു.

ഹ്യുണ്ടായ് മോട്ടോഴ്സിന്റെ സബ് കോംപാക്റ്റ് കാറായ ഹ്യുണ്ടായ് വെന്യു 2021 ഒക്ടോബറില്‍ മികച്ച വില്‍പ്പന നേടി.  ഒക്ടോബറില്‍ അതിന്റെ 10,554 യൂണിറ്റുകള്‍ വിറ്റഴിച്ചു.  ഇത് 2020 വര്‍ഷത്തെ 8,828 യൂണിറ്റുകളേക്കാള്‍ 20% കൂടുതലാണ്. എല്ലാത്തരം എസ്യുവികളുടെയും വിപണി പരിശോധിച്ചാല്‍, ടോപ്പ്-10 പട്ടികയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്യുവിയാണ് ഹ്യൂണ്ടായ് വെന്യു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Author

Related Articles