News

അടിതെറ്റി എങ്കിലും പിടിച്ചുകയറി കിറ്റക്‌സ് ഓഹരി വില

കൊച്ചി: കിഴക്കമ്പലത്ത് അതിഥിതൊഴിലാളികളും പോലീസുമായി നടന്ന സംഘര്‍ഷം വന്‍വിവാദമായതോടെ കിറ്റക്‌സ് ഓഹരി വില ഇടിഞ്ഞേക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും ഓഹരികള്‍ പാടെ വീഴാതെ തിരിച്ചുകയറി. കഴിഞ്ഞ ഡിസംബര്‍ 16ന് 202 രൂപയായി ഓഹരി വില ഉയര്‍ന്നിരുന്നു. പിന്നീട് ആണ് ഓഹരികള്‍ ഇടിഞ്ഞത്. നവംബര്‍ അവസാനത്തോടെ 162- 164 നിലവാരത്തില്‍ ആയിരുന്നു ഓഹരി വില. ഇന്നലെ കുത്തനെ താഴ്‌ന്നെങ്കിലും 192 രൂപയിലാണ് ക്ലോസ് ചെയ്തത്.

ഡിസംബര്‍ ആദ്യ ആഴ്ചകളില്‍ ഓഹരി വില 24 ശതമാനത്തോളം ഉയര്‍ന്നിരുന്നു. അതേസമയം കമ്പനിയുടെ ഓഹരികളുടെ പ്രകടനം സംബന്ധിച്ച ചില ആശങ്കകളും അടുത്തിടെ ഉയരുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി കമ്പനിയുടെ ലാഭം ഉയരുന്നതിനനുസരിച്ചുള്ള വരുമാന വര്‍ധനയുണ്ടോ എന്നതാണ് മറ്റൊരു ആശങ്ക. ഓഹരിയില്‍ നിന്നുള്ള റിട്ടേണ്‍ കുറഞ്ഞതാണ് നിക്ഷേപകരെ ആശങ്കപ്പെടുത്തുന്ന മറ്റൊരു ഘടകം.

ബോംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലാണ് കിറ്റക്‌സ് ഓഹരികള്‍ ലിസ്റ്റ് ചെയ്തത്. കമ്പനിയുടെ 55 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍ ഓഹരികളാണ്. 2015 ജൂലൈയില്‍ കിറ്റക്‌സ് ഓഹരിക്ക് 750 രൂപക്ക് മുകളിലായിരുന്നു വില. എന്നാല്‍ പിന്നീട് ഓഹരി വില കുത്തനെ ഇടിഞ്ഞു. കിറ്റക്‌സും ട്വന്റി ട്വന്റി വിവാദങ്ങളും ഓഹരി വില കുത്തനെ ഇടിയാന്‍ കാരണമായി. ഒരിടയ്ക്ക് നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വിറ്റഴിച്ചതോടെ വില 72 രൂപയോളമായി ഇടിഞ്ഞിരുന്നു. അതേസമയം ഓഹരി വില 200 രൂപയും കടന്ന് ഉയര്‍ന്നാല്‍ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള നേരിയ സാധ്യതകളുമുണ്ട്. കുഞ്ഞുങ്ങളുടെ വസ്ത്ര നിര്‍മാണ രംഗത്ത് കമ്പനിക്കുള്ള ആധിപത്യമാണ് പ്രധാന മുതല്‍ക്കൂട്ട്. എന്നാല്‍ ആ പ്രതാപകാലത്തിലേക്ക് കിറ്റക്‌സ് തിരിച്ചെത്തുമോ എന്നതാണ് ഇപ്പോഴത്തെ പ്രധാന വെല്ലുവിളി.

News Desk
Author

Related Articles