News

ബജറ്റിലെ സൂചനകള്‍ നല്‍കി കെഎന്‍ ബാലഗോപാല്‍; എന്തൊക്കെ പ്രതീക്ഷിക്കാം?

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നതിനിടെ ബജറ്റിലെ സൂചനകള്‍ നല്‍കി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാറിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റില്‍ ഭൂമിയുടെ ന്യായവില ഉയര്‍ത്തുമെന്ന് സൂചന. ന്യായവിലയില്‍ 20 ശതമാനം വരെ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യായവില 20 ശതമാനം വരെ വര്‍ധിപ്പിക്കാമെന്ന് രജിസ്‌ട്രേഷന്‍ വകുപ്പ് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ശുപാര്‍ശ ധനവകുപ്പ് അംഗീകരിച്ചാല്‍ ഏപ്രില്‍ ഒന്ന് മുതല്‍ ഭൂമിയുടെ ന്യായവില വര്‍ധിക്കും. ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടാന്‍ സര്‍ക്കാറിന് നേരത്തെ തന്നെ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍, ഒന്നാം എല്‍ഡിഎഫ് സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്നാക്കം പോവുകയായിരുന്നു. ഭൂമിയുടെ ന്യായവില ഉയര്‍ത്തിയാല്‍ അതിന് ആനുപാതികമായി രജിസ്‌ട്രേഷന്‍ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും വര്‍ധിക്കും. അതേസമയം, ബജറ്റില്‍ സ്റ്റാമ്പ് ഡ്യൂട്ടി കുറക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എട്ട് ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമാക്കി സ്റ്റാമ്പ് ഡ്യൂട്ടി കുറക്കണമെന്നാണ് ആവശ്യം.

പ്രതിസന്ധിയുണ്ടെങ്കിലും മദ്യത്തിന്റേയും ഇന്ധനത്തിന്റേയും നികുതി വര്‍ധിപ്പിക്കില്ലെന്ന സൂചന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നല്‍കി. ഇന്ധനവില കൂടി നില്‍ക്കുകയാണ്. മദ്യത്തിന് ഇപ്പോള്‍ തന്നെ നികുതി കൂടുതലാണ്. എന്നാല്‍ മറ്റ് മേഖലകളില്‍ കാലോചിത പരിഷ്‌കാരങ്ങള്‍ ഉണ്ടാവുമെന്ന സൂചന മന്ത്രി നല്‍കി. അതേസമയം, ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ കൃത്യമായ നിലപാട് ധനമന്ത്രി പറഞ്ഞില്ല. സാമ്പത്തികരംഗം മെച്ചപ്പെടുമ്പോള്‍ അതിന് ആനുപാതികമായി പെന്‍ഷനില്‍ ഉള്‍പ്പടെ വര്‍ധനയുണ്ടാകുമെന്നാണ് ധനമന്ത്രിയുടെ നിലപാട്.

Author

Related Articles