News

'കൂ' മാതൃ കമ്പനിയില്‍ നിന്ന് ചൈനീസ് നിക്ഷേപകര്‍ പിന്മാറി; ഓഹരി ഇന്ത്യക്കാര്‍ വാങ്ങി

ന്യൂഡല്‍ഹി: കൂവിന്റെ മാതൃ കമ്പനിയായ ബോംബിനേറ്റ് ടെക്നോളജീസില്‍ ചൈനീസ് വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനമായ ഷാന്‍വെയ് കാപിറ്റല്‍ കൈവശം വെച്ചിരുന്ന ഓഹരി ഇന്ത്യക്കാര്‍ വാങ്ങി. നിലവിലെ നിക്ഷേപകരും ചില പ്രമുഖ ഇന്ത്യന്‍ വ്യക്തികളുമാണ് ഓഹരി വാങ്ങിയത്. ട്വിറ്ററിന് ബദലായി വളര്‍ന്നുവന്ന സ്വദേശി മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമാണ് കൂ.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജവഗല്‍ ശ്രീനാഥ്, ബുക്ക്മൈഷോ സ്ഥാപകന്‍ ആശിഷ് ഹേംരജനി, ഉഡാന്‍ സഹ സ്ഥാപകന്‍ സുജീത് കുമാര്‍, ഫ്ളിപ്കാര്‍ട്ട് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി, സെറോദ സ്ഥാപകന്‍ നിഖില്‍ കാമത്ത് എന്നിവരാണ് ഷാന്‍വെയ് കാപിറ്റലിന്റെ ഓഹരി വാങ്ങുന്ന റൗണ്ടില്‍ പങ്കെടുത്തത്.   

ബോംബിനേറ്റ് ടെക്നോളജീസില്‍ ഒമ്പത് ശതമാനത്തോളം മാത്രമായിരുന്നു ഷാന്‍വെയ് കാപിറ്റല്‍ കൈവശം വെച്ചിരുന്ന ഓഹരി. രണ്ടര വര്‍ഷം മുമ്പാണ് ചൈനീസ് കമ്പനി കൂ മാതൃ കമ്പനിയില്‍ ഓഹരി എടുത്തത്. സുഗമമായി പുറത്തുപോകുന്നതിന് ഷാന്‍വെയ് കാപിറ്റലുമായി ചര്‍ച്ച നടത്തിവരികയായിരുന്നുവെന്ന് കൂ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും സഹ സ്ഥാപകനുമായ അപ്രമേയ രാധാകൃഷ്ണ പറഞ്ഞു. ഇന്ത്യയ്ക്കും ലോകത്തിനുമുള്ള ആത്മനിര്‍ഭര്‍ ആപ്പ് എന്ന ലേബലോടുകൂടിയാണ് കൂ അറിയപ്പെടുന്നത്. ചൈനയുടെ ഫണ്ട് സ്വീകരിച്ചതിനെതിരെ കമ്പനി നേരത്തെ വിമര്‍ശനം നേരിട്ടിരുന്നു.   

നാല്‍പ്പത് ലക്ഷത്തോളം ഉപയോക്താക്കളാണ് കൂ ആപ്പിനുള്ളതായി അവകാശപ്പെടുന്നത്. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ഉപയോഗിക്കാന്‍ കഴിയും. ടെക്സ്റ്റ്, ഓഡിയോ, വീഡിയോ പങ്കുവെയ്ക്കാന്‍ കഴിയും. ഈ വര്‍ഷം അവസാനത്തോടെ പത്ത് കോടി ഉപയോക്താക്കളെ നേടുകയാണ് ലക്ഷ്യമെന്ന് കൂ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

News Desk
Author

Related Articles