News

കൊട്ടക് മഹീന്ദ്ര ബാങ്ക് നിക്ഷേപ പലിശ നിരക്ക് കുറച്ചു

മുംബൈ: പ്രമുഖ സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക് (കെഎംബി) സേവിംഗ്സ് അക്കൗണ്ടിലെ നിക്ഷേപത്തിന്റെ പലിശ നിരക്ക് വീണ്ടും കുറച്ചു. ഏറ്റവും അവസാനമായി 0.5 ശതമാനമാണ് കുറച്ചത്. പുതുക്കിയ നിരക്ക് പ്രകാരം ഒരു ലക്ഷം രൂപ വരെയുള്ള ബാലന്‍സിന് മെയ് 25 മുതല്‍ 3.5 ശതമാനമാണ് പലിശ ലഭിക്കുക. ഏപ്രില്‍ മാസത്തില്‍ രണ്ട് തവണ ബാങ്ക് എസ്ബി നിക്ഷേപത്തിന്റെ പലിശ നിരക്ക് കുറച്ചിരുന്നു. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് കുറച്ച് 4 ശതമാനമായി പരിഷ്‌കരിച്ചതിനെത്തുടര്‍ന്നാണ് പലിശ നിരക്കില്‍ മാറ്റം വന്നത്. റസിഡന്റ് അക്കൗണ്ടുകളിലെ നിക്ഷേപത്തിന് മാത്രമേ നിരക്ക് ബാധകമാകൂ.

ഒരു ലക്ഷം വരെയുള്ള എസ്ബി നിക്ഷേപത്തിന്റെ പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 3.5 ശതമാനവും ഒരു ലക്ഷത്തിന് മുകളിലുള്ള എസ്ബി നിക്ഷേപത്തിന്റെ പലിശ നിരക്ക് 50 ബേസിസ് പോയിന്റ് കുറച്ച് 4 ശതമാനവുമായാണ് പരിഷ്‌കരിച്ചിരിക്കുന്നത്. പുതുക്കിയ പലിശ നിരക്ക് മെയ് 25 മുതല്‍ പ്രാബല്യത്തില്‍ വരും. സെന്‍ട്രല്‍ ബാങ്കും റിവേഴ്സ് റിപ്പോ നിരക്ക് 40 ബിപിഎസ് അതായത് 3.35 ശതമാനമായി കുറച്ചിട്ടുണ്ട്.

ഒരു വര്‍ഷമായി മിക്ക ബാങ്കുകളും വായ്പ-നിക്ഷേപ പലിശയില്‍ കാര്യമായി കുറവ് വരുത്തിവരികയാണ്. കോവിഡ് വ്യാപനത്തെതുടര്‍ന്ന് വിപണിയില്‍ പണലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് മാര്‍ച്ച് 27-ന് റിപ്പോ നിരക്ക് മുക്കാല്‍ ശതമാനം കുറച്ചിരുന്നു. അതിനുശേഷം ഇങ്ങോട്ട് ബാങ്കുകള്‍ സ്ഥിര നിക്ഷേപ, സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്കുകള്‍ കാര്യമായി തന്നെ കുറയ്ക്കുന്നുണ്ട്.

ഐസിഐസിഐ ബാങ്ക് സേവിംഗ്സ് അക്കൗണ്ട് പലിശ (50 ലക്ഷം വരെയുള്ള നിക്ഷേപത്തിന്) കാല്‍ശതമാനം കുറച്ച് 3.25 ശതമാനമാക്കിയിരുന്നു. 50 ലക്ഷത്തിനുമുകളില്‍ ബാലന്‍സുണ്ടെങ്കില്‍ 3.75 ശതമാനമാണ് പലിശ ലഭിക്കുക. രാജ്യത്തെ പൊതുമേഖലാ ബാങ്കായ എസ്ബിഐയും സേവിംഗ്‌സ് അക്കൗണ്ട് ബാലന്‍സിനുള്ള പലിശ കാല്‍ശതമാനം കുറച്ച് 2.75 ശതമാനമാക്കിയിരുന്നു. പുതുക്കിയ നിരക്കുകള്‍ ഏപ്രില്‍ 15-നാണ് പ്രാബല്യത്തില്‍ വന്നത്. സ്ഥിര നിക്ഷേപങ്ങളുടെ കാര്യവും മറ്റൊന്നല്ല. എസ്ബിഐ ഉള്‍പ്പെടെയുള്ള ഒട്ടുമിക്ക ബാങ്കുകളും കോവിഡ് പ്രതിസന്ധിക്ക് ശേഷം സ്ഥിര നിക്ഷേപങ്ങളുടെ പലിശയിലും മാറ്റം വരുത്തിയിരുന്നു.

Author

Related Articles