News

മഴക്കെടുതിയില്‍ കെഎസ്ഇബിക്ക് 15.74 കോടിയുടെ നഷ്ടം

തിരുവനന്തപുരം:  സംസ്ഥാനത്ത്  മഴക്കെടുതിയില്‍ കെഎസ്ഇബിക്ക് 15.74 കോടിയുടെ നഷ്ടമുണ്ടായെന്ന് വിലയിരുത്തല്‍. 5,20,000 കണക്ഷനുകളാണ് റദ്ദായത്. ഇതില്‍ നാല്‍പ്പത്തി അയ്യായിരം കണക്ഷനുകള്‍ ഇനിയും പുനസ്ഥാപിക്കാനുണ്ടെന്നും അവ യുദ്ധകാലാടിസ്ഥാനത്തില്‍ പുനസ്ഥാപിക്കുമെന്നും കെഎസ് ഇബി ചെയര്‍മാന്‍ അറിയിച്ചു.

കെഎസ് ഇ ബിയുടെ നിയന്ത്രണത്തിലുളള ജല സംഭരണികളില്‍ 90 ശതമാനം നിറഞ്ഞതെല്ലാം നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു. ഇടുക്കി അണക്കെട്ടും ഇടമലയാര്‍ അണക്കെട്ടും നാളെ തുറക്കും. പമ്പയുടെ കാര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനമെടുക്കും. റിസര്‍വോയറുകളുടെ ഒന്നോ രണ്ടോ ഷട്ടറുകള്‍ ഏതാനും സെ.മീ. മാത്രമാണ് തുറക്കുന്നത്. 2018 നെ അപേക്ഷിച്ച് പത്തിലൊന്ന് കുറവ് മാത്രമാണ് വെള്ളം പുറത്തുവിടുന്നതെന്നും സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

2018 ലെ പ്രളയം കണക്കിലെടുത്താണ് മുന്‍കരുതലെന്ന നിലക്ക് ഇടുക്കി തുറക്കുന്നത്. മറ്റന്നാള്‍ മുതല്‍ ശക്തമായ മഴക്കാണ് നിലവിലെ മുന്നറിയിപ്പ്. പക്ഷെ മഴ പ്രവചനം തെറ്റിച്ചാല്‍ ഡാം ഒറ്റയടിക്ക് തുറക്കേണ്ട സ്ഥിതി ഉണ്ടാകുന്നത് ഒഴിവാക്കാനാണിത്. നാളെ രാവിലെ പതിനൊന്ന് മുതല്‍ രണ്ട് ഷട്ടര്‍ 50 സെന്റിമീറ്റര്‍ വീതം തുറക്കും. സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം തുറന്ന് വിട്ട് ജലനിരപ്പ് 2395 അടിയിലെത്തിക്കാനാണ് ധാരണ... പക്ഷെ ജലത്തിന്റെ ഒഴുക്ക് അനുസരിച്ച് അളവില്‍ മാറ്റം വരാം.

News Desk
Author

Related Articles