News

അടുത്ത 5 വര്‍ഷം കൊണ്ട് 28,419 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തുമെന്ന് വൈദ്യുതി ബോര്‍ഡ്

തിരുവനന്തപുരം: അടുത്ത 5 വര്‍ഷം കൊണ്ട് 28,419 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തുമെന്ന് വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മിഷനെ അറിയിച്ചിരിക്കുന്നു. ഇതു നടപ്പായാല്‍ സംസ്ഥാനത്തെ ശരാശരി വൈദ്യുതി വില 2.50 രൂപ വര്‍ധിപ്പിക്കേണ്ടി വരും. വൈദ്യുതി ബോര്‍ഡ് സ്ഥാപിച്ച് ഇതുവരെയുള്ള 65 വര്‍ഷം കൊണ്ട് നടത്തിയ മൂലധന നിക്ഷേപം 20,000 കോടി രൂപയില്‍ താഴെ ആയിരുന്നു. എന്നാല്‍ അടുത്ത 5 വര്‍ഷം കൊണ്ട് 28,419 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തുമെന്നാണ് കമ്മിഷനെ രേഖാമൂലം ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ശരാശരി വൈദ്യുതി വില ഇപ്പോള്‍ 6.10 രൂപയാണ്. ഇതില്‍ മൂലധന ചെലവ് 2.50 രൂപ വരും. ശേഷിക്കുന്ന 3.60 രൂപ വൈദ്യുതി വാങ്ങുന്നതിന്റെ ചെലവ് ആണ്. അടുത്ത 5 കൊല്ലം കൊണ്ട് 28,419 കോടി മുടക്കിയാല്‍ വൈദ്യുതി വിലയിലെ മൂലധന ചെലവ് ഇപ്പോഴത്തെ 2.50 രൂപയില്‍ നിന്ന് 5 രൂപ എങ്കിലും ആയി ഉയരും. ഇത് ഉപയോക്താക്കള്‍ക്കു താങ്ങാന്‍ കഴിയില്ല. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ 202627 സാമ്പത്തിക വര്‍ഷം വരെയുള്ള മൂലധന നിക്ഷേപത്തിന്റെ കണക്കാണ് കമ്മിഷന്റെ അംഗീകാരത്തിനു ബോര്‍ഡ് സമര്‍പ്പിച്ചിരിക്കുന്നത്.

ഉല്‍പാദന മേഖലയില്‍ 5130 കോടിയും പ്രസരണ മേഖലയില്‍ 6556 കോടിയും വിതരണ മേഖയില്‍ 16,733 കോടിയും മുടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിതരണ മേഖലയിലെ 8200 കോടിയും സ്മാര്‍ട് മീറ്റര്‍ സ്ഥാപിക്കാനാണ്. ബോര്‍ഡ് സമര്‍പ്പിച്ച കണക്ക് ശരിയാകണമെങ്കില്‍ അടുത്ത 5 വര്‍ഷത്തില്‍ ഓരോ വര്‍ഷവും 5500 കോടിയോളം രൂപയുടെ മൂലധന നിക്ഷേപം നടത്തണം. എന്നാല്‍ ബോര്‍ഡിന്റെ ചരിത്രത്തില്‍ ഇന്നു വരെ വര്‍ഷം 2500 കോടിയിലേറെ മൂലധന നിക്ഷേപം നടത്തിയിട്ടില്ല.

ഇത്രയും ഭീമമായ തുക എവിടെ നിന്നു കണ്ടെത്തുമെന്നു ബോര്‍ഡ് അറിയിച്ചിട്ടില്ല. ആരു കടം നല്‍കുമെന്നും വ്യക്തമല്ല. നിലവില്‍ ബോര്‍ഡിന്റെ സഞ്ചിത നഷ്ടം 6000 കോടിയിലേറെ രൂപയാണ്. മൂലധനച്ചെലവിനായി കടമെടുക്കുന്നതിന്റെ പലിശ, പദ്ധതികള്‍ നോക്കി നടത്തുന്ന ജീവനക്കാരുടെ ചെലവ്, അറ്റകുറ്റപ്പണി തേയ്മാന ചെലവ് എന്നിവയാണ് വൈദ്യുതി വിലയുടെ 2.50 രൂപയില്‍ വരുന്നത്. ഇത് ഇരട്ടിയാക്കുന്നത് ഉപയോക്താക്കള്‍ക്കു കടുത്ത വെല്ലുവിളി ആകും.

Author

Related Articles