കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകള്‍ വന്‍ നഷ്ടത്തില്‍; പ്രതിദിന നഷ്ടം ഒരു ബസിന് 7,146 രൂപ
തിരുവനന്തപുരം: കോടികളുടെ ഇലക്ട്രിക് ബസ് നിര്‍മാണ പദ്ധതിയുമായി (ഇ മൊബിലിറ്റി) സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍, കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസുകള്‍ വന്‍ നഷ്ടത്തില്‍. 8 ഇലക്ട്രിക് ബസുകളാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ഒരു ബസിന് 7,146 രൂപ നഷ്ടത്തിലാണ് പ്രതിദിനം സര്‍വീസ് ഓപ്പറേറ്റ് ചെയ്യുന്നത്. ഉദ്യോഗസ്ഥരുടെ അനാസ്ഥയും, കരാറിലെ പാളിച്ചകളുമാണ് കെഎസ്ആര്‍ടിസിക്ക് ബാധ്യതയായത്. എസി ഇലക്ട്രിക് ബസുകളുടെ നഷ്ടം വര്‍ധിച്ചതോടെ ബസുകളിലെ എസി മാറ്റി സര്‍വീസ് നടത്താന്‍ കരാറെടുത്ത കമ്പനിക്ക് കെഎസ്ആര്‍ടിസി എംഡി നിര്‍ദേശം നല്കി. രണ്ടു ബസുകളുടെ എസി മാറ്റി സര്‍വീസ് ആരംഭിച്ചു.
ശബരിമലയില്‍ നിലയ്ക്കല്‍ - പമ്പ റൂട്ടില്‍ സര്‍വീസ് നടത്തിയാണ് ഇലക്ട്രിക് ബസുകള്‍ സേവനം ആരംഭിച്ചത്. മഹാവോയാജ് കമ്പനിയാണ് പത്തു വര്‍ഷത്തേക്ക് ബസുകള്‍ വാടകയ്ക്ക് നല്‍കിയത്. ബസും ഡ്രൈവറും കമ്പനി നല്‍കും. ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കറന്റും, കണ്ടക്ടറേയും കെഎസ്ആര്‍ടിസി നല്‍കണം. ബസുകള്‍ ഒരു ദിവസം 400 കിലോമീറ്ററിലധികം ഓടിച്ചാല്‍ ഒരു കിലോമീറ്ററിന് 43 രൂപയാണ് സ്വകാര്യ കമ്പനിക്ക് നല്‍കേണ്ടത്. ബസുകള്‍ സര്‍വീസ് നടത്തിയില്ലെങ്കില്‍ പതിനായിരം രൂപ പ്രതിദിനം കെഎസ്ആര്‍ടിസി നല്‍കണം. കമ്പനിയുടെ ഭാഗത്ത് വീഴ്ച വന്ന് സര്‍വീസ് മുടങ്ങിയാല്‍ നല്‍കേണ്ടത് 2,000 രൂപ മാത്രം.
പമ്പയിലെ സര്‍വീസ് ലാഭമായിരുന്നെങ്കിലും ബസുകള്‍ ദീര്‍ഘദൂര സര്‍വീസിന് ഉപയോഗിച്ചതോടെ നഷ്ടത്തിലായി. ബസിന് സ്പീഡ് ഇല്ലാത്തതും പുഷ്ബാക്ക് സീറ്റുകളില്ലാത്തതും ചാര്‍ജിങിനായി ഏറെനേരം നിര്‍ത്തിയിടുന്നതും ജനങ്ങളെ അകറ്റി. തിരുവനന്തപുരം സിറ്റിയില്‍ 4 ബസും തേവരയില്‍ 4 ബസുകളുമാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം - എറണാകുളം സര്‍വീസ് നടത്തുന്നതിന് പ്രതിദിന വാടക 19,008 രൂപയാണ്. ഒരു വര്‍ഷം വാടക ഇനത്തില്‍ നല്‍കേണ്ടത് 66.52 ലക്ഷം രൂപ.
കെഎസ്ആര്‍ടിസിക്ക് ഒരു ബസില്‍നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം കിലോമീറ്ററിന് 30 രൂപയാണ്. ഇത് 50 രൂപയായാല്‍ മാത്രമേ നഷ്ടം ഒഴിവാക്കി മുന്നോട്ടു പോകാനാകൂ. ഈ സാഹചര്യത്തില്‍ കിലോമീറ്ററിന് 43 രൂപ നല്കി ബസ് വാടകയ്ക്കെടുക്കുന്നത് നഷ്ടമാണെന്ന് തൊഴിലാളി യൂണിയനുകള്‍ ചൂണ്ടിക്കാട്ടിയെങ്കിലും ചില ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് കരാര്‍ യാഥാര്‍ഥ്യമാക്കിയത്.
നഷ്ടം പെരുകിയപ്പോള്‍ സര്‍വീസ് അവസാനിപ്പിച്ച് എല്ലാ ബസും തിരുവനന്തപുരത്തെത്തിച്ചു. സര്‍വീസ് നടത്തുന്നില്ലെങ്കിലും കമ്പനിക്ക് വാടക നല്കി വരുന്നത് ശ്രദ്ധയില്പെട്ടതിനെത്തുര്ന്നാണ് എംഡി കരാര്‍ കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടത്. മൈലേജ് കുറയുമെന്നതിനാല്‍ എസി ഒഴിവാക്കാനും ആവശ്യപ്പെട്ടു. സര്‍വീസുകള്‍ ലാഭത്തിലായില്ലെങ്കില്‍ കരാര്‍ അവസാനിപ്പിക്കാനും ആലോചനയുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍