News

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് 2022ല്‍ കുവൈത്ത് കരകയറും: എസ്& പി റിപ്പോര്‍ട്ട്

കുവൈത്ത് സിറ്റി: നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് 2022ല്‍ കുവൈത്ത് കരകയറുമെന്ന് പ്രവചനം. അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ സ്റ്റാന്റേര്‍ഡ് ആന്റ് പുവര്‍സിന്റെ റിപ്പോര്‍ട്ടിലാണ് ഈ വിലയിരുത്തലുള്ളത്. പൂര്‍ണമായി പെട്രോളിയത്തെ ആശ്രയിച്ച് നിലനില്‍ക്കുന്ന സമ്പദ് വ്യവസ്ഥയായതിനാലാണ് ഇത്തരമൊരു പ്രതിസന്ധിയിലേക്ക് എത്തിയത്. രാജ്യത്തെ കയറ്റുമതിയുടെ 90 ശതമാനവും പെട്രോളിയമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കൊവിഡ് മഹാമാരി കാരണം പെട്രോളിയം വിപണിയിലുണ്ടായ വലിയ പ്രതിസന്ധി കുവൈത്തി സാമ്പത്തിക സ്ഥിതിയെ ബാധിച്ചു. ഇതിന് പുറമെ യാത്രാ രംഗത്തും വലിയ മാന്ദ്യം സംഭവിച്ചു. പെട്രോളിയം പ്രതിസന്ധിക്ക് നേരിട്ട് തന്നെ കുവൈത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ ആഘാതമുണ്ടാക്കാനായി. മറ്റ് പല രാജ്യങ്ങളിലും ഈ വര്‍ഷം സമാനമായ സ്ഥിതിയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

കുവൈത്തിന്റെ ജിഡിപിയില്‍ ഏഴ് ശതമാനത്തിന്റെ കുറവുണ്ടാകും. അടുത്ത വര്‍ഷവും ഇതില്‍ നിന്ന് കരകയറാനാവില്ല. 2021ല്‍ പൂജ്യം ശതമാനം വളര്‍ച്ചയായിരിക്കും രേഖപ്പെടുത്തുക. 2022ഓടെ കുവൈത്തിന്റെ സമ്പദ്‌വ്യവസ്ഥ തിരിച്ചുകയറും. 2022ലും 2023ലും സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനനാവുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ജിഡിപിയിലെ ആളോഹരി വിഹിതം 28,600 ഡോളറില്‍ നിന്ന് 22,000 ഡോളറായി ഈ വര്‍ഷം കുറയും. 2021ല്‍ ഇത് 25,700 ഡോളറായി ഉയരുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Author

Related Articles