News

ലക്ഷ്മി വിലാസ് ബാങ്ക്-ക്ലിക്‌സ് ഗ്രൂപ്പ് ലയനം: നടപടികള്‍ പൂര്‍ത്തിയായി; ഓഹരി വില ഇന്ന് 10 ശതമാനം ഉയര്‍ന്നു

ലക്ഷ്മി വിലാസ് ബാങ്ക് ഓഹരി വില ഇന്ന് 10 ശതമാനം ഉയര്‍ന്നു. ക്ലിക്‌സ് ഗ്രൂപ്പുമായി ലയിപ്പിക്കുന്നതിനുള്ള പരസ്പര ധാരണാ നടപടികള്‍ പൂര്‍ത്തിയായതായും അടുത്ത ഘട്ടങ്ങളെക്കുറിച്ച് ഇരു കമ്പനികളും ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ബാങ്ക് അറിയിച്ചതിനെ തുടര്‍ന്നാണ് ഓഹരി വില കുതിച്ചുയര്‍ന്നത്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ബാങ്ക് വ്യക്തമാക്കി.

നേരത്തെ, ബാങ്കുമായി ക്ലിക്‌സ് ഗ്രൂപ്പിന്റെ സംയോജനവുമായി ബന്ധപ്പെട്ട് 2020 ജൂണ്‍ 15 ന് ക്ലിക്‌സ് ക്യാപിറ്റല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, ക്ലിക്‌സ് ഫിനാന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി ബാങ്ക് പ്രാഥമിക, നോണ്‍-ബൈന്‍ഡിംഗ് കരാര്‍ (എല്‍ഐഐ) ഒപ്പിട്ടിരുന്നു. നോണ്‍-ബൈന്‍ഡിംഗ് ഘഛക പ്രകാരം, നിര്‍ദ്ദിഷ്ട സംയോജനം പരസ്പരമുള്ള ധാരണകള്‍, അംഗീകാരങ്ങള്‍ എന്നിവയ്ക്ക് വിധേയമാണെന്ന് വ്യക്തമാക്കിയിരുന്നു. കക്ഷികള്‍ തമ്മിലുള്ള പരസ്പര ധാരണ പ്രകാരം, നിലവിലുള്ള പകര്‍ച്ചവ്യാധി കാരണം കാലാവധി സെപ്റ്റംബര്‍ 15 വരെ നീട്ടിയിരുന്നു.

ഓഹരി വില 2.00 രൂപ അഥവാ 9.83 ശതമാനം ഉയര്‍ന്ന് 22.35 രൂപയായി. വിവിധതരം വായ്പകള്‍ വാഗ്ദാനം ചെയ്യുന്ന ധനകാര്യ സേവനങ്ങളാണ് ക്ലിക്‌സ് ക്യാപിറ്റല്‍ വാഗ്ദാനം ചെയ്യുന്നത്.സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ എയോണ്‍ ക്യാപിറ്റല്‍ പാര്‍ട്‌ണേഴ്‌സ് കമ്പനിയിലെ ഒരു പ്രധാന ഓഹരിയുടമയാണ്. ഈ മാസം ആദ്യം 1,500 കോടി രൂപ സമാഹരിക്കാനും ബിസിനസ് വളര്‍ച്ചയ്ക്ക് ധനസഹായം നല്‍കാനും വിദേശ ഓഹരി പങ്കാളിത്തം 74 ശതമാനം വരെ ഉയര്‍ത്താനും ഉദ്ദേശിക്കുന്നതായി ലക്ഷ്മി വിലാസ് ബാങ്ക് വ്യക്തമാക്കി.

Author

Related Articles