News

മാറുന്ന ലോകത്തിനോടൊപ്പം മിന്ത്ര; സ്വവര്‍ഗ്ഗാനുരാഗികള്‍ ഉള്‍പ്പെടെ കമ്പനിയിലെ എല്ലാ ജീവനക്കാര്‍ക്കും 5 ദിവസത്തെ വിവാഹ അവധി

ബാംഗ്ലൂര്‍: അനുദിനം മാറുന്ന ലോകത്തിന്റെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് മാറ്റങ്ങളെ സ്വാഗതം ചെയ്യുകയാണ് ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ മിന്ത്ര. ഇതിലേറ്റവും പുതുതായി വന്നിരിക്കുന്നത് കമ്പനിയുടെ അവധി നയമാണ്. സ്വവര്‍ഗ്ഗാനുരാഗികള്‍ ഉള്‍പ്പെടെ കമ്പനിയിലെ മുഴുവന്‍ ആളുകള്‍ക്കും ബാധകമായ വിവാഹ അവധിയാണ് മിന്ത്രയുടെ ഏറ്റവും പുതിയ നയം. അഞ്ച് ദിവസമാണ് വിവാഹ അവധി.

സ്വവര്‍ഗ വിവാഹം ഇന്ത്യയില്‍ നിയമപരമായി അനുവദനീയമല്ലാത്ത സാഹചര്യത്തില്‍ രാജ്യത്തിന് പുറത്തുള്ള ജീവനക്കാരുടെ വിവാഹങ്ങള്‍ക്ക് ഈ അവധി ഉള്‍പ്പെടുത്താമെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സമഗ്രമായ രീതിയില്‍ ജീവനക്കാരുടെ ക്ഷേമത്തിനായി ഉത്തമമായ പിന്തുണ നല്‍കാനുള്ള ഞങ്ങളുടെ നിരന്തരമായ ശ്രമമാണിതെന്ന് മൈന്ത്ര സിഇഒ അമര്‍ നാഗരം പറഞ്ഞു. ആരോഗ്യകരമായ തൊഴില്‍-ജീവിത സന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ടുതന്നെ ജോലിയിലും അതിനുമപ്പുറത്തും അവരുടെ മുന്‍ഗണനകളെ പരിഗണിക്കുവാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതോടെ ഇന്ത്യയില്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് വിവാഹ അവധി നല്‍കുന്ന ആദ്യത്തെ കമ്പനികളിലൊന്നായി ഇതോടെ മിന്ത്ര മാറിയിരിക്കുകയാണ്. മുന്‍പ് ഗോദ്റെജ് ഗ്രൂപ്പ് മെഡിക്കല്‍ ഇന്‍ഷുറന്‍സും സ്വവര്‍ഗാനുരാഗികള്‍ക്ക് ദത്തെടുക്കല്‍ അവധി പോലുള്ള മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിരുന്നു.

അതേസമയം വിവാഹ അവധികള്‍ക്കു പുറമെ വെല്‍നസ് ലീവ് പോളിസിയും മൈന്ത്ര നല്‍കും. കുട്ടികള്‍ക്കും മുതിര്‍ന്ന മാതാപിതാക്കള്‍ക്കും അസുഖം ബാധിക്കുമ്പോഴോ സഹായം ആവശ്യമായി വരുമ്പോഴോ അവരെ പരിചരിക്കുന്നതിനായി ജീവനക്കാര്‍ക്ക് പ്രയോജനപ്പെടുത്താവുന്ന 14 ദിവസത്തെ പരിചരണ അവധികളും കമ്പനി അവതരിപ്പിച്ചു.

Author

Related Articles