News

എല്‍ഐസി ഏജന്റുമാര്‍ക്ക് കമ്മീഷനായി 14,200 കോടി രൂപ!; ഒമ്പത് മാസം കൊണ്ട് കമ്മീഷന്‍ ഇനത്തില്‍ മാത്രം ലഭിച്ച തുക

എല്‍ഐസിയുടെ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ വില്പന നടത്തിയതിലൂടെ ഒമ്പതുമാസംകൊണ്ട് ഏജന്റുമാര്‍ക്ക് ലഭിച്ചത് 14,200 കോടി രൂപ. 2019-2020 സാമ്പത്തികവര്‍ഷത്തെ ആദ്യത്തെ ഒമ്പതുമാസംകൊണ്ടാണ് ഏജന്റുമാര്‍ ഇത്രയും തുക നേടിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ നേടിയതിനേക്കാള്‍ 1.8 ഇരട്ടിയോളം വരുമിത്.

മുന്‍ വര്‍ഷം ഡിസംബര്‍ പാദത്തിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്മീഷന്‍ ഇനത്തിലെ വരുമാന വര്‍ധന 46 ശതമാനമാണ്. എല്‍ഐസിയാണ് ഇതുസംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്. ഡിസംബര്‍ പാദത്തിലെ ഒന്നാം വര്‍ഷ പ്രീമിയം 2,977 കോടി രൂപയാണ്.

നിക്ഷേപ ഉത്പന്നങ്ങള്‍ വില്ക്കുന്നതിന് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉയര്‍ന്നനിരക്കിലാണ് കമ്മീഷന്‍ നല്‍കുന്നത്. ആദ്യവര്‍ഷ പ്രീമിയത്തില്‍ 30 മുതല്‍ 70 ശതമാനം വരെ കമ്മീഷന്‍ നല്‍കുന്ന കമ്പനികളുണ്ട്. പ്രത്യേകിച്ചും യുലിപ് പ്ലാനുകളില്‍. കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ഒമ്പത് മാസങ്ങളെ അപേക്ഷിച്ച് എല്‍ഐസി ഏജന്റുമാരുടെ വരുമാനം 11 ശതമാനം വളര്‍ന്നിട്ടുണ്ട്. അതേസമയം മ്യൂച്വല്‍ ഫണ്ട് വിതരണക്കാരുടെ വരുമാനം 2018-2019 സാമ്പത്തിക 7 ശതമാനം കുറഞ്ഞിട്ടുണ്ട്. 

നിക്ഷേപകരുടെ തുകയില്‍ നിന്നാണ് കമ്പനികള്‍ വിതരണക്കാര്‍ക്കായി കമ്മീഷന്‍ നല്‍കുന്നത്. അതുകഴിഞ്ഞുള്ള തുകയാണ് നിക്ഷേപത്തിനായി പരിഗണിക്കുന്നത്. അതേസമയം,  സെബിയുടെ നിയന്ത്രണമുള്ളതിനാല്‍ മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ക്ക് ലഭിക്കുന്നത് താരതമ്യേന കുറഞ്ഞ കമ്മീഷനാണ്. 2018 സെപ്റ്റംബറില്‍ മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ നിക്ഷേപകനില്‍ നിന്ന് ഈടാക്കുന്ന മൊത്തം നിരക്കില്‍ പുതിയ സ്ലാബ് അവതരിപ്പിച്ചിരുന്നു. ഇതുപ്രകാരം 2.25 മുതല്‍ 2.5 ശതമാനം വരെ മാത്രമെ ഈടാക്കാന്‍ കഴിയൂ. ഇതില്‍ നിന്നുവേണം വിതരണക്കാര്‍ക്കുള്ള കമ്മീഷനും നല്‍കാന്‍. കമ്മീഷന്‍ ഒഴിവാക്കി മ്യൂച്വല്‍ ഫണ്ടിന്റെ ഡയറക്ട് പ്ലാനുകളില്‍ നിക്ഷേപിക്കാനും 2013 ല്‍ സെബി അവസരമൊരുക്കിയിരുന്നു.

Author

Related Articles