News

ഹീറോ മോട്ടോകോര്‍പ്പിന്റെ കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കി എല്‍ഐസി

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. സ്വകാര്യ കമ്പനിയില്‍ നേരത്തെയുണ്ടായിരുന്ന നിക്ഷേപം രണ്ട് ശതമാനത്തോളമാണ് പൊതുമേഖലാ സ്ഥാപനം വര്‍ധിപ്പിച്ചിരിക്കുന്നത്. ഓഹരി ഉടമസ്ഥത ഇപ്പോള്‍ 7.146 ശതമാനമായി മാറി. മൂന്ന് വര്‍ഷം കൊണ്ടാണ് ഇത്രയും ഓഹരികള്‍ അധികമായി വാങ്ങിയത്.

ഹീറോ മോട്ടോകോര്‍പ്പാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2017 ജൂണ്‍ 21 മുതല്‍ 2020 മെയ് 19 വരെയുള്ള കാലത്താണ് 40,16,255 ഓഹരികള്‍ വാങ്ങിയത്. മുന്‍പ് 1,02.57,040 ഓഹരികളാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ പക്കലുണ്ടായിരുന്നത്. ഇത് 5.135 ശതമാനമായിരുന്നു.

മാര്‍ച്ച് പാദത്തില്‍ നെസ്ലെ ഇന്ത്യയിലെ നിക്ഷേപം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ വെട്ടിക്കുറച്ചിരുന്നു. നേരത്തെ 3.04 ശതമാനമുണ്ടായിരുന്ന ഓഹരി നിക്ഷേപം 2.87 ശതമാനമാക്കി കുറയ്ക്കുകയാണ് ചെയ്തത്. 1.63 ലക്ഷം ഓഹരികളാണ് വിറ്റഴിച്ചത്.

Author

Related Articles