News

കൊടാക് മഹീന്ദ്ര ബാങ്കില്‍ കൂടുതല്‍ ഓഹരികള്‍ ഏറ്റെടുത്ത് എല്‍ഐസി; വാങ്ങിയത് 1,45,23,574 ഓഹരികള്‍

മുംബൈ: കൊടാക് മഹീന്ദ്ര ബാങ്കില്‍ കൂടുതല്‍ ഓഹരികള്‍ ഏറ്റെടുത്ത് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍. 0.73 ശതമാനം കൂടുതല്‍ ഓഹരികളാണ് എല്‍ഐസി ഏറ്റെടുത്തത്. ഇതോടെ സ്വകാര്യ ബാങ്കിന്റെ ഓഹരി മൂല്യത്തില്‍ ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ മൂന്ന് ശതമാനം വര്‍ധന രേഖപ്പെടുത്തി.

നേരത്തെ ബാങ്കില്‍ 2.45 ശതമാനം ഓഹരിയാണ് എല്‍ഐസിക്ക് ഉണ്ടായിരുന്നത്. ഇന്നത് 3.18 ശതമാനമായി ഉയര്‍ന്നു. 1,45,23,574 (ഒരു കോടി നാല്‍പ്പത്തിയഞ്ച് ലക്ഷത്തി  ഇരുപത്തി മൂവായിരത്തി അഞ്ഞൂറ്റി എഴുപത്തി നാല്) ഓഹരികളാണ് എല്‍ഐസി അധികമായി വാങ്ങിയത്. ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള മൂന്ന് മാസത്തിനിടയിലാണ് ഇത്രയും ഓഹരികള്‍ വാങ്ങിയത്. ഇതോടെ ഇന്‍ഷുറന്‍സ് രംഗത്തെ അതികായന്റെ പക്കല്‍ ഇപ്പോള്‍ ബാങ്കിന്റെ 6,29,92,740 ഓഹരികളാണുള്ളത്.

ജൂണില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ 4,84,69,166 കോടി ഓഹരികളാണ് എല്‍ഐസിയില്‍ ഉണ്ടായിരുന്നത്. ബാങ്കില്‍ എസ്ബിഐ മ്യൂച്വല്‍ ഫണ്ട് (2.81 ശതമാനം), ആക്‌സിസ് മ്യൂച്വല്‍ ഫണ്ട് (1.51 ശതമാനം), കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് (6.38 ശതമാനം), യൂറോപസഫിക് ഗ്രോത്ത് ഫണ്ട് (3.3 ശതമാനം) എന്നിവരാണ് ബാങ്കില്‍ ഓഹരികളുള്ള മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍.

കൊടാക് മഹീന്ദ്ര ബാങ്കിന്റെ ഓഹരിയില്‍ ഇന്ന് 3.25 ശതമാനം മൂല്യ വര്‍ധനവുണ്ടായി. ഇതോടെ ഓഹരി വില 1380 രൂപയിലെത്തി. സമാനമായ നിലയില്‍ എന്‍എസ്ഇയില്‍ 2.81 ശതമാനം വര്‍ധനവും കൊടാകിന്റെ ഓഹരി മൂല്യത്തിലുണ്ടായി. ഇവിടെ 1374.10 രൂപയാണ് ബാങ്കിന്റെ ഓഹരി മൂല്യം.

Author

Related Articles