News

എല്‍ഐസി ഹൗസിങ് ഫിനാന്‍സ് മൂലധന സമാഹരണത്തിലേക്ക്; ലക്ഷ്യം 2335 കോടി രൂപ

ന്യൂഡല്‍ഹി: എല്‍ഐസി ഹൗസിങ് ഫിനാന്‍സ് മൂലധന സമാഹരണത്തിന് ഒരുങ്ങുന്നു. ഇക്വിറ്റി ഓഹരികളുടെ പ്രിഫറന്‍ഷ്യല്‍ ഇഷ്യൂ വഴിയാണ് മൂലധനം സമാഹരിക്കുകയെന്ന് കമ്പനി റെഗുലേറ്ററി ഫയലിങില്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്‍ഐസിയുടെ 4.54 കോടി ഓഹരികള്‍ 514.25 രൂപയ്ക്ക് വിതരണം ചെയ്യാനാണ് തീരുമാനം. 2335 കോടി രൂപ ഇത്തരത്തില്‍ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായി എല്‍ഐസി തങ്ങളുടെ ഉപകമ്പനിയിലെ ഓഹരി വിഹിതം ഉയര്‍ത്തി. 40.31 ശതമാനമായിരുന്നത് 45.24 ശതമാനമായാണ് ഉയര്‍ത്തിയത്.

ജൂലൈ 19 ന് വിളിച്ചുചേര്‍ത്തിരിക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ ഓഹരി വിതരണത്തിനുള്ള അനുമതി എല്‍ഐസി മാനേജ്‌മെന്റ് ഓഹരി ഉടമകളോട് തേടും. എന്നാല്‍ ഈ തീരുമാനം പുറത്തുവന്നതിന് പിന്നാലെ എല്‍ഐസിയുടെ ഓഹരികളുടെ മൂല്യമുയര്‍ന്നു. ഇന്ന് ഉച്ചയ്ക്ക് 12.40 ന് ഓഹരി വിപണിയിലെ എല്‍ഐസിയുടെ വില 468.65 ആയിരുന്നു. 10.90 രൂപയാണ് ഉയര്‍ന്നത്. 2.38 ശതമാനമായിരുന്നു വര്‍ധന.

Author

Related Articles