News

എല്‍ഐസിയുടെ മൂല്യം 15 ലക്ഷം കോടി രൂപയായേക്കുമെന്ന് സൂചന

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) യുടെ മൂല്യം 15 ലക്ഷം കോടി രൂപയായേക്കുമെന്ന സൂചനകള്‍. എല്‍ഐസിയുടെ മൂല്യം തീരുമാനിച്ചുകൊണ്ടുള്ള അന്തിമ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെങ്കിലും കേന്ദ്രം 15 ലക്ഷം കോടി രൂപയെന്ന മൂല്യത്തിലേക്കാണ് നോട്ടമിടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എല്‍ഐസിയുടെ എംബഡഡ് വാല്യു നാല് ലക്ഷം കോടി രൂപയായാണ് കണക്കാക്കിയിരിക്കുന്നത്. ഭാവി ലാഭത്തിന്റെ ഇപ്പോഴത്തെ മൂല്യവും ആസ്തികളുടെ അറ്റമൂല്യവും ചേര്‍ന്നുള്ളതാണ് എംബഡഡ് വാല്യു. ഇന്‍ഷുറന്‍സ് കമ്പനികളെ സംബന്ധിച്ചിടത്തോളം ഇത് സുപ്രധാനമായ കണക്കാണ്. പൊതുവേ, ഇന്‍ഷുറന്‍സ് കമ്പനികളുടെ എംബഡഡ് വാല്യുവിന്റെ 3-5 മടങ്ങായിരിക്കും ആ കമ്പനിയുടെ മൂല്യം.

അങ്ങനെയെങ്കില്‍ നാല് ലക്ഷം കോടി രൂപ എംബഡഡ് വാല്യുവുള്ള എല്‍ ഐ സിക്ക് അതിന്റെ നാല് മടങ്ങെടുത്താല്‍ പോലും 15 ലക്ഷം കോടി രൂപ മൂല്യം കല്‍പ്പിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. നിക്ഷേപകര്‍ ഈ മൂല്യനിര്‍ണയത്തെ പിന്തുണച്ചാല്‍, മൂല്യത്തില്‍ എല്‍ഐസി, ടിസിഎസ്സിനെ പിന്തള്ളിയേക്കും. നിലവില്‍ ടിസിഎസ്സിന് 14.3 ലക്ഷം കോടി രൂപ വാല്വേഷനാണുള്ളത്. റിലയന്‍സിന് 17 ലക്ഷം കോടി രൂപ മൂല്യവും.

Author

Related Articles