News

ഐപിഒയുമായി എല്‍ഐസി മുന്നോട്ട്; ബിഡ്ഡുകള്‍ ക്ഷണിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: എല്‍ഐസി ഐപിഒയുമായി (പ്രാഥമിക ഓഹരി വില്‍പ്പന) ബന്ധപ്പെട്ട് മര്‍ച്ചന്റ് ബാങ്കര്‍മാരില്‍ നിന്ന് സര്‍ക്കാര്‍ ബിഡ്ഡുകള്‍ ക്ഷണിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 2022 ജനുവരിയില്‍ എല്‍ഐസി ഐപിഒ വിപണിയില്‍ എത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇന്ത്യന്‍ കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ പൊതു ഇഷ്യുവായി കരുതപ്പെടുന്ന ഐപിഒയ്ക്ക് മുന്നോടിയായി എല്‍ഐസിയുടെ മൂല്യം കണക്കാക്കുന്നതിനായി ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് വകുപ്പ് ആക്ച്വറിയല്‍ സ്ഥാപനമായ മില്ലിമാന്‍ അഡൈ്വസേഴ്‌സ് എല്‍എല്‍പി ഇന്ത്യയെ ചുമതലപ്പെടുത്തി. ജനുവരിയിലായിരുന്നു ഈ നടപടി.

എല്‍ഐസി നിയമത്തിലെ ബജറ്റ് ഭേദഗതികളും, കമ്പനിയുടെ ഉള്‍ച്ചേര്‍ത്ത മൂല്യം കണക്കാക്കിയുളള ആക്ച്വറിയല്‍ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുറത്തുവന്നേക്കും. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ മര്‍ച്ചന്റ് ബാങ്കര്‍മാരെ നിയമിക്കുന്നതിന് ബിഡ്ഡുകള്‍ ക്ഷണിക്കും, സ്ഥാപന നിക്ഷേപകരുമായി ചര്‍ച്ചകള്‍ നടക്കുന്നുതായും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ അവസാനത്തോടെ റെഗുലേറ്ററി അംഗീകാരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു. 

എല്‍ഐസി ഐപിഒ ഇഷ്യു വലുപ്പത്തിന്റെ 10 ശതമാനം വരെ പോളിസി ഹോള്‍ഡര്‍മാര്‍ക്കായി നീക്കിവയ്ക്കും. ഡെലോയിറ്റ്, എസ്ബിഐ ക്യാപ്‌സ് എന്നിവയെ ഐപിഒയ്ക്ക് മുമ്പുള്ള ഇടപാട് ഉപദേഷ്ടാക്കളായി നിയമിച്ചിട്ടുണ്ട്. സര്‍ക്കാരിന് ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം കൈവരിക്കുന്നതിന് എല്‍ഐസിയുടെ ലിസ്റ്റിംഗ് നിര്‍ണായകമാകും. ന്യൂനപക്ഷ ഓഹരി വില്‍പ്പനയില്‍ നിന്നും സ്വകാര്യവല്‍ക്കരണത്തില്‍ നിന്നും നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ 1.75 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 1.75 ലക്ഷം കോടി രൂപയില്‍, ഒരു ലക്ഷം കോടി പൊതുമേഖലാ ബാങ്കുകളിലെയും ധനകാര്യ സ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ ഓഹരി വില്‍ക്കുന്നതിലൂടെയാണ് ഖജനാവിലേക്ക് എത്തേണ്ടത്. 75,000 കോടി സിപിഎസ്ഇ ഓഹരി വിറ്റഴിക്കല്‍ വഴിയും.

Author

Related Articles