News

എല്‍ഐസി ഐപിഒ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടാകില്ല; മൂല്യനിര്‍ണയ പ്രക്രിയ അടക്കമുള്ള നടപടികള്‍ വൈകുന്നു

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ എല്‍ഐസി ഐപിഒ ഉണ്ടാകാനിടയില്ല. മൂല്യനിര്‍ണയ പ്രക്രിയ അടക്കമുള്ള കാര്യങ്ങള്‍ നീണ്ടു പോകുന്ന സാഹചര്യത്തിലാണ് ഏറെ നാളായി കാത്തിരിക്കുന്ന, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എല്‍ഐസി) യുടെ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ) സാധ്യമാകില്ല എന്ന വിവരം പുറത്തുവരുന്നത്. ഐപിഒ നടത്തുന്നതിന് അത്യാവശ്യമായി നിര്‍വഹിക്കേണ്ട ആസ്തിയുടെ മൂല്യനിര്‍ണയം നടത്തുന്നതിനുള്ള നടപടി പോലും ഇതുവരെയായില്ല. ഇതിന് ചുരുങ്ങിയത് ആറു മുതല്‍ എട്ടു മാസം വരെ സമയമെടുക്കും. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാര്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2020-21 സാമ്പത്തിക വര്‍ഷം 2.1 ലക്ഷം കോടി രൂപ ഓഹരി വിറ്റഴിക്കലിലൂടെ സമാഹരിക്കാമെന്ന ലക്ഷ്യം നിലവിലെ സാമ്പത്തിക പ്രശ്നങ്ങള്‍ക്കിടയില്‍ കൈവരിക്കാനാകുമോ എന്ന സംശയവും ഉയരുന്നുണ്ട്. ഈ ലക്ഷ്യം നേടുന്നതിന്റെ ഭാഗമായാണ് എല്‍ഐസിയുടെ ഐപിഒ നടത്താന്‍ ഒരുങ്ങുന്നതും. എന്നാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതി കടന്നു പോയി. ഐപിഒ യാഥാര്‍ത്ഥ്യമാകാന്‍ നിരവധി കാര്യങ്ങള്‍ ഇനിയും ചെയ്തു തീര്‍ക്കേണ്ടതുമുണ്ട്.

എല്‍ഐസിയുടെ ബിസിനസ് ആസ്തി മൂല്യം കണ്ടെത്താന്‍ വലിയ പ്രയാസമുണ്ടാകില്ല. എന്നാല്‍ സ്ഥലമടക്കമുള്ള ഭൗതിക ആസ്തിയുടെ മൂല്യം കണ്ടെത്തുക എളുപ്പമാകില്ല. പ്രീ ഐപിഒ ട്രാന്‍സാക്ഷന്‍ അഡൈ്വസറായി എസ്ബിഐ കാപ്സ് ആന്‍ഡ് ഡിലോയിറ്റിനെ ദി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് പബ്ലിക് അസറ്റ്മാനേജ്മെന്റ് (ഉശുമാ) നിയമിച്ചിട്ടുണ്ട്. എന്നാല്‍ ആസ്തിയുടെ മൂല്യനിര്‍ണയം ആര് നടത്തുമെന്നതു സംബന്ധിച്ചോ നിയമോപദേശകരെ സംബന്ധിച്ചോ ഉള്ള നിര്‍ദ്ദേശങ്ങളൊന്നും ഉണ്ടായിട്ടില്ല.

നിലവിലെ സാഹചര്യത്തില്‍ കുറഞ്ഞത് ആറ് ഭേദഗതികളെങ്കിലും എല്‍ഐസി ആക്ടില്‍ വരുത്തിയാല്‍ മാത്രമേ ഐപിഒ നടത്താനാവുകയുള്ളൂ. ഇപ്പോള്‍ നടന്നു വരുന്ന മണ്‍സൂണ്‍ സെഷനില്‍ പാര്‍ലമെന്റ് ഇത് പരിഗണിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ സ്റ്റാറ്റിയൂട്ടറി ബോഡിയായ എല്‍ഐസിയെ കമ്പനീസ് ആക്ട് പ്രകാരം കമ്പനിയാക്കി മാറ്റേണ്ടതുണ്ട്.

ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇതു സംബന്ധിച്ച് കരട് രേഖ തയാറാക്കിയിട്ടുണ്ട്. ഇത് ദി സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെയും റിസര്‍വ് ബാങ്കിന്റെയും ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അഥോറിറ്റിയുടെയും അഭിപ്രായം അറിയുന്നതിനായി നല്‍കിയിട്ടുണ്ട്. എല്‍ഐസിയിലെ കേന്ദ്ര സര്‍ക്കാരിന്റെ ഓഹരി വിഹിതം  100 ശതമാനത്തില്‍ നിന്ന് 75 ശതമാനമാക്കി കുറയ്ക്കുമെന്ന് കരട് രേഖയില്‍ പറയുന്നു.

Author

Related Articles