News

ഓഹരി വിപണിയിലെ അരങ്ങേറ്റത്തിന് ശേഷം എല്‍ഐസിയുടെ വിപണി മൂലധനം ഇടിഞ്ഞു

എല്‍ഐസിയുടെ വിപണി മൂലധനം ഇടിഞ്ഞു. ഇതോടെ വിപണി മൂലധനത്തില്‍ എല്‍ഐസിയുടെ സ്ഥാനം ഐസിഐസിഐ ബാങ്കിന് താഴെയായി. അടുത്തിടെ ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ച രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയാണ് എല്‍ഐസി. അതേസമയം ലിസ്റ്റ് ചെയ്തപ്പോള്‍ വിപണി മൂലധനത്തില്‍ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന എല്‍ഐസി ഇപ്പോള്‍ ഏഴാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്.

5.2 ലക്ഷം കോടി രൂപയാണ് എല്‍ഐസിയുടെ വിപണി മൂലധനം. ഇഷ്യു പ്രൈസായ 949 രൂപയില്‍നിന്ന് 8.6 ശതമാനം കിഴിവോടെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത എല്‍ഐസിയുടെ ഓഹരി വില ഇടിവിലേക്ക് വീണതിനെ തുടര്‍ന്ന് 813.15 രൂപ (01062022, 11.25) എന്ന നിലയിലാണ് ഇപ്പോള്‍ വിപണിയില്‍ വ്യാപാരം നടത്തുന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് വിപണി മൂലധനത്തില്‍ ഒന്നാമതുള്ളത്. 17.8 ലക്ഷം കോടിയാണ് റിലയന്‍സിന്റെ വിപണി മൂലധനം. ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, എച്ച്യുഎല്‍, ഐസിഐസി ബാങ്ക് എന്നിവയാണ് വിപണി മൂലധനത്തില്‍ എല്‍ഐസിയുടെ മുന്‍നിരയിലുള്ള കമ്പനികള്‍.

തിങ്കളാഴ്ച എല്‍ഐസി വിപണിയില്‍ എത്തിയതിന് ശേഷം ആദ്യമായി ത്രൈമാസ ഫലങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് പാദത്തിലെ ലാഭത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം ഇടിവാണ് എല്‍ഐസി രേഖപ്പെടുത്തിയത്. അതേസമയം, 2022 സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായത്തില്‍ 39 ശതമാനം വര്‍ധിച്ച് 4,043 കോടി രൂപയായി.

Author

Related Articles