News

എല്‍ഐസിയും നിഷ്‌ക്രിയ ആസ്തികളില്‍ കുടുങ്ങി; കിട്ടാക്കടത്തില്‍ ഇരട്ടിവര്‍ധനവ്

മുംബൈ: പൊതു,സ്വകാര്യമേഖലാ ബാങ്കുകള്‍ കിട്ടാക്കടത്തില്‍ കുടുങ്ങിയ വാര്‍ത്തകള്‍ പതിവാണ്. എന്നാല്‍ ഇതിന് പിന്നാലെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഷൂറന്‍സ് മേഖലയിലെ അതികായന്‍ എല്‍ഐസിയും ഇതേ പാദയിലാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ -സെപ്തംബര്‍ പാദങ്ങളില്‍ എല്‍ഐസിയുടെ മൊത്തം കിട്ടാക്കടം 6.1% . 

യെസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബാങ്കുകളുമായി താരതമ്യപ്പെടുത്താവുന്നതാണ് ഇത്. ഒരു കാലത്ത് മികച്ച ആസ്തി ഗുണനിലവാരത്തിന് പേരുകേട്ട സ്വകാര്യമേഖലയിലെ ബാങ്കുകളുടെ എന്‍പിഎകള്‍ വര്‍ദ്ധിച്ചു. 2019-20 രണ്ടാം പാദത്തില്‍ യെസ് ബാങ്കിന്റെ മൊത്തം എന്‍പിഎ 7.39 ശതമാനവും ഐസിഐസിഐ ബാങ്കിന്റേത് 6.37 ശതമാനവും ആക്‌സിസ് ബാങ്കിന്റേത് 5.03 ശതമാനവുമാണ്. 

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി കോര്‍പ്പറേറ്റ് മേഖലയ്ക്ക് ടേം ലോണ്‍, കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ (എന്‍സിഡി) എന്നിവ വഴിയാണ് വായ്പ നല്‍കുന്നത്. മൊത്തം എന്‍പിഎകള്‍ 2019 സെപ്റ്റംബറില്‍ 6.10 ശതമാനമായിരുന്നത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇരട്ടിയായി. എല്‍ഐസി എല്ലായ്‌പ്പോഴും 1.5-2 ശതമാനം മൊത്ത എന്‍പിഎ ആണ് നിലനിര്‍ത്തിയിരുന്നത്. എല്‍ഐസിയില്‍ നിന്ന് വായ്പ എടുത്ത് വലിയ വീഴ്ച വരുത്തിയിരിക്കുന്നവര്‍ താഴെ പറയുന്നവരാണ്. ഡെക്കാന്‍ ക്രോണിക്കിള്‍, എസ്സാര്‍ പോര്‍ട്ട്, ഗാമണ്‍, ഐഎല്‍ ആന്‍ഡ് എഫ്എസ്, ഭൂഷണ്‍ പവര്‍, വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ്, അലോക് ഇന്‍ഡസ്ട്രീസ്, ആംട്രാക്ക് ഓട്ടോ, എബിജി ഷിപ്പ് യാര്‍ഡ്, യൂണിടെക്, ജിവികെ പവര്‍, ജിടിഎല്‍ തുടങ്ങിയവ. ഇവയില്‍ പലതിലും എല്‍ഐസി വായ്പ തുക തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. ലഭിക്കാത്ത തുക എഴുതിത്തള്ളേണ്ടിവരും. കുടിശ്ശികയുള്ള വായ്പകളുടെ മൂല്യം ഏകദേശം 25,000 കോടി രൂപയാണ്.

Author

Related Articles