News

ഓഹരി വിലയിടിഞ്ഞു; എല്‍ഐസിയുടെ വിപണി മൂല്യം 5 ലക്ഷം കോടി രൂപയ്ക്ക് താഴെയെത്തി

തിങ്കളാഴ്ചയിലെ വ്യാപാരത്തിനിടെ രണ്ട് ശതമാനം ഇടിവ് നേരിട്ടതോടെ എല്‍ഐസിയുടെ വിപണി മൂല്യം അഞ്ച് ലക്ഷം കോടി രൂപയ്ക്ക് താഴെയെത്തി. ഓഹരി വില രണ്ടുശതമാനത്തോളം ഇടിഞ്ഞ് 783 രൂപ നിലവാരത്തിലുമെത്തി. ഇതോടെ ലിസ്റ്റ് ചെയ്തതിനുശേഷം വിപണി മൂല്യത്തില്‍ 56,000 കോടി രൂപ നഷ്ടമായി. 5.54 ലക്ഷം കോടി രൂപയില്‍നിന്ന് മൂല്യം 4.98 ലക്ഷം കോടി രൂപയായാണ് താഴ്ന്നത്.

ഇതാദ്യമായാണ് ലിസ്റ്റ് ചെയ്തശേഷം ഓഹരി വില ഇത്രയും താഴുന്നത്. തുടര്‍ച്ചയായി അഞ്ചാം ദിവസവും നഷ്ടത്തിലായിരുന്നു ഓഹരിയില്‍ വ്യാപാരം നടന്നത്. മെയ് 17ന് എട്ടുശതമാനം നഷ്ടത്തിലായിരുന്നു എല്‍ഐസിയുടെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഇഷ്യുവിലയായ 949 രൂപയില്‍നിന്ന് 18 ശതമാനത്തോളം നഷ്ടത്തിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.

രാജ്യത്തെ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയിലൂടെ 20,557 കോടി രൂപയാണ് സര്‍ക്കാര്‍ സമാഹരിച്ചത്. ഐ.പി.ഒയ്ക്ക് ലഭിച്ചതാകട്ടെ 2.95 ഇരട്ടി അപേക്ഷകളും. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 905 രൂപ പ്രകാരവും പോളിസി ഉടമകള്‍ക്ക് 889 രൂപ നിരക്കിലുമാണ് ഓഹരികള്‍ അനുവദിച്ചത്.

Author

Related Articles