News

പാന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള അവസാന തിയ്യതി മാര്‍ച്ച് 31; ബന്ധിപ്പിക്കാത്തവരുടെ കാര്‍ഡ് അസാധുവായേക്കാം

ആധാറുമായി പാന്‍ ബന്ധം നിര്‍ബന്ധിതമാണെന്ന് ഫെബ്രുവരി 6 ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ആധാറുമായി പാന്‍കാര്‍ഡ് ബന്ധിപ്പിക്കേണ്ട അവസാന തിയ്യതി മാര്‍ച്ച് 31 ആണ്. ഈ സമയത്തിനുള്ളില്‍ ആധാറുമായി പാന്‍കാര്‍ഡ് ബന്ധിപ്പിക്കാത്തവരുടെ പാന്‍കാര്‍ഡ് അസാധുവാകുവാനും സാധ്യതയുണ്ട്. ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ക്ക് ആധാര്‍ പാന്‍ ബന്ധം നിര്‍ബന്ധമാണെന്നും ഈ നടപടി മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കണമെന്നും അധികൃതര്‍ അറിയിച്ചു. 

നേരത്തെയുള്ള കണക്കു  പ്രകാരം 42 കോടി പാന്‍കാര്‍ഡാണ് ഇന്ത്യയില്‍ ഇതുവരെ അനുവദിച്ചിരിക്കുന്നത്. ഇതില്‍ 23 കോടി പാന്‍ കാര്‍ഡ് മാത്രമാണ് ആധാറുമായി ബന്ധിപ്പിച്ചത്. ആധാറുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നതു വഴി പാന്‍ വ്യാജമാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കും. അത്തരത്തിലുള്ള വ്യാജ കാര്‍ഡുകള്‍ നിലവില്‍ ഉണ്ടെന്നും ഉടന്‍ തന്നെ ആധാറുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് റദ്ദാക്കുമെന്നും സിബിഡിടി ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര, പറഞ്ഞു.

ആധാര്‍ നമ്പര്‍ നല്‍കിയില്ലെങ്കില്‍ പാന്‍ അസാധുവാകുമെന്ന വ്യവസ്ഥയുള്ളതാണ് ആദായ നികുതി നിയമത്തിലെ (139 എഎ) ഭേദഗതി. ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് നികുതിയില്‍ നിന്ന് രക്ഷപെടുന്നത് തടയാന്‍ ഈ നടപടിയിലൂടെ സാധിക്കുമെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.

 

Author

Related Articles