News

മദ്യവില്‍പന ഇടിഞ്ഞു; ബവ്‌റിജസ് കോര്‍പറേഷന്‍ വഴി വിറ്റത് 162.64 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ബവ്‌റിജസ് കോര്‍പറേഷന്‍ വഴി വിറ്റത് 162.64 കോടി രൂപയുടെ മദ്യം. മദ്യവില്‍പന ആരംഭിച്ച മേയ് 28 മുതല്‍ ഈ മാസം ആറാം തീയതി വരെയുള്ള കണക്കാണിത്. കണ്‍സ്യൂമര്‍ഫെഡ് വിറ്റത് 21.42 കോടി രൂപയുടെ മദ്യം. ബാര്‍, ബിയര്‍ വൈന്‍ പാര്‍ലറുകളിലെ മദ്യവില്‍പനയുടെ കണക്ക് ലഭ്യമല്ല. ബവ്‌കോയ്ക്കും ബാറുകള്‍ക്കും ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്കും മദ്യം നല്‍കുന്ന വെയര്‍ഹൗസുകള്‍വഴി 310.44 കോടി രൂപയുടെ മദ്യം വിറ്റു.

ബവ്‌കോയുടെ 267 ഔട്ട്‌ലറ്റുകളില്‍ ഒരു ദിവസം ശരാശരി 22 കോടി രൂപ മുതല്‍ 32 കോടി രൂപ വരെയുള്ള കച്ചവടമാണ് നടക്കുന്നത്. മദ്യവില്‍പന ആരംഭിച്ച ആദ്യത്തെ 8 ദിവസങ്ങളിലെ ശരാശരി വില്‍പന 20.25 കോടി രൂപ. വില്‍പനയില്‍ കുറവുണ്ടായതായി ബവ്‌കോ അധികൃതര്‍ പറയുന്നു. ആപ്പിലെ സാങ്കേതിക തകരാറുകളാണ് ബവ്‌കോയുടെ വില്‍പന കുറച്ചത്.

കണ്‍സ്യൂമര്‍ഫെഡിന്റെ പ്രതിദിന വില്‍പന ശരാശരി 6 കോടി രൂപയായിരുന്നെങ്കില്‍ ഇപ്പോഴത് 2.5 കോടിയായി കുറഞ്ഞു. ബിയര്‍ വില്‍പന 1 ലക്ഷത്തില്‍ നിന്ന് 30,000 ആയി. 36 മദ്യഷോപ്പുകളും 3 ബിയര്‍ പാര്‍ലറുമാണ് കണ്‍സ്യൂമര്‍ഫെഡിനുള്ളത്. കണക്കുകളില്‍ കള്ളം കാണിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബാര്‍, ബിയര്‍ വൈന്‍ പാര്‍ലറുകളിലെ വില്‍പനയുടെ കൃത്യമായ കണക്കുകള്‍ ലഭിക്കാനിടയില്ലെന്നാണ് അധികൃതരുടെ വാദം. സംസ്ഥാനത്തെ 612 ബാര്‍ ഹോട്ടലുകളില്‍ 576 പേര്‍ മദ്യം വിതരണം ചെയ്യാന്‍ അംഗീകാരം നേടിയിരുന്നു. 360 ബിയര്‍ വൈന്‍ ഷോപ്പുകളില്‍ 291 ഷോപ്പുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

Author

Related Articles