News

സംരംഭകര്‍ക്ക് സര്‍ക്കാര്‍ ജാമ്യത്തില്‍ വായ്പ; കേരളത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ വിതരണം ചെയ്തത് 1585 കോടി രൂപ

കൊച്ചി: കോവിഡ് കാരണം പ്രതിസന്ധിയിലായ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകര്‍ക്കു സര്‍ക്കാര്‍ ജാമ്യത്തില്‍ വായ്പ നല്‍കുന്ന പദ്ധതിയില്‍ കേരളത്തില്‍ ഇതുവരെ പൊതുമേഖലാ ബാങ്കുകള്‍ വിതരണം ചെയ്തത് 1584.86 കോടി രൂപ. എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗാരന്റീ സ്‌കീം (ഇസിഎല്‍ജിഎസ്) പ്രകാരം ജൂലൈ 4 വരെ സംസ്ഥാനത്ത് 2260.43 കോടി രൂപയ്ക്കാണ് ബാങ്കുകള്‍ അനുമതി നല്‍കിയിട്ടുള്ളത്.

സ്വകാര്യമേഖലാ ബാങ്കുകളും ബാങ്ക് ഇതര ധനസ്ഥാപനങ്ങളും വഴിയും പദ്ധതി നടപ്പാകുന്നതിനാല്‍ സംസ്ഥാനത്ത് ആകെ വിതരണം ചെയ്യപ്പെട്ട തുക 2000 കോടി കവിയുമെന്നാണു സൂചന. ദേശീയതലത്തില്‍ 42.5% തുക വിതരണം ചെയ്തത് സ്വകാര്യമേഖലാ ബാങ്കുകളും എന്‍ബിഎഫ്‌സികളുമാണ്. സംസ്ഥാനത്ത് 1,34,736 അക്കൗണ്ടുകളിലായി 2260 കോടിക്ക് അനുമതി നല്‍കിയതിലാണ് 74577 അക്കൗണ്ടുകളിലായി 1584.86 കോടി രൂപ വിതരണം ചെയ്തത്.

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി, 3 ലക്ഷം കോടി രൂപയുടെ സഹായമാണ് സര്‍ക്കാര്‍ ഇസിഎല്‍ജിഎസ് ആയി പ്രഖ്യാപിച്ചിരുന്നത്. മുദ്ര വായ്പയെടുത്തിട്ടുള്ള സംരംഭകരും പദ്ധതിയുടെ പരിധിയില്‍ വരും. നാഷനല്‍ ക്രെഡിറ്റ് ഗാരന്റീ ട്രസ്റ്റീ കമ്പനി വഴിയാണ് സര്‍ക്കാര്‍ ഈ വായ്പകള്‍ക്കു പൂര്‍ണഗാരന്റി നല്‍കുന്നത്. ഇങ്ങനെയുള്ള ആകെ 1,14,502.6 കോടി രൂപയുടെ അധികവായ്പയ്ക്ക് ഇതിനകം രാജ്യത്തെ ധനസ്ഥാപനങ്ങള്‍ അനുമതി നല്‍കിക്കഴിഞ്ഞു. ഇതില്‍ ജൂലൈ 4 വരെ 56091.18 കോടി രൂപ വിതരണം ചെയ്തുകഴിഞ്ഞു.

12 പൊതുമേഖലാ ബാങ്കുകള്‍ 65863.63 കോടി രൂപയ്ക്ക് അനുമതി നല്‍കുകയും അതില്‍ 35575.48 കോടി വിതരണം ചെയ്യുകയും ചെയ്തു. 20 സ്വകാര്യമേഖലാ ബാങ്കുകളും 10 എന്‍ബിഎഫ്‌സികളും ചേര്‍ന്ന് 48638.96 കോടി അനുമതിനല്‍കുകയും അതില്‍ 20515.70 വിതരണം ചെയ്യുകയും ചെയ്‌തെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ സമൂഹമാധ്യമമായ ട്വിറ്ററില്‍ പറഞ്ഞു.

ബാങ്കുകളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) ആണ് ഏറ്റവും കൂടുതല്‍ തുക അനുവദിച്ചിരിക്കുന്നത് (20628 കോടി രൂപ). രണ്ടാമത് പഞ്ചാബ് നാഷനല്‍ ബാങ്ക് (8689 കോടി). സംസ്ഥാനങ്ങളുടെ കണക്കെടുത്താല്‍, മഹാരാഷ്ട്രയിലെ സംരംഭകര്‍ക്കാണ് ഏറ്റവും കൂടുതല്‍ തുക അനുവദിച്ചിരിക്കുന്നത് (6856 കോടി). തമിഴ്‌നാട് തൊട്ടുപിന്നില്‍ (6616 കോടി).

Author

Related Articles