News

കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍; മൂന്ന് മാസം വരെ ശമ്പളത്തിന്റെ 50 ശതമാനം തൊഴിലില്ലായ്മ വേതനമായി നല്‍കും

ന്യൂഡല്‍ഹി: കൊവിഡ് വൈറസ് വ്യാപനവും രോഗനിയന്ത്രണത്തിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണും സാമ്പത്തിക രംഗത്തെ തകര്‍ത്തിരിക്കുകയാണ്. നിരവധി പേരുടെ ജീവിത മാര്‍ഗം കൊവിഡ് തകര്‍ത്തു. സുരക്ഷിതമെന്ന് കരുതിയിരുന്ന ജോലികള്‍ പോലും പലര്‍ക്കും നഷ്ടപ്പെട്ടു. കൊവിഡ് ലോക്ഡൗണ്‍ കാലത്ത് ജോലി നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതി ആരംഭിച്ചിരിക്കുകയാണ്.

അടല്‍ ഭീമിത് വ്യക്തി കല്യാണ്‍ യോജന ക്യാംപെയ്ന് ആണ് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ജീവനക്കാരില്‍ കൊവിഡ് ലോക്ക് ഡൗണ്‍ കാരണം ജോലി നഷ്ടപ്പെട്ടിട്ടുളള ആളുകള്‍ക്ക് തങ്ങളുടെ ശമ്പളത്തിന്റെ 50 ശതമാനത്തിന് അവകാശവാദം ഉന്നയിക്കാം.

തൊഴിലില്ലായ്മ വേതനം എന്ന നിലയ്ക്ക് മൂന്ന് മാസം വരെ ഇത്തരത്തില്‍ പകുതി ശമ്പളം ജീവനക്കാര്‍ക്ക് ലഭിക്കും. ജീവനക്കാര്‍ ഇപ്പോള്‍ ജോലി പുനരാരംഭിച്ചിട്ടുണ്ടെങ്കിലും ഈ അവസരം ഉപയോഗിക്കാവുന്നതാണ് എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഇതിനായി 44,000 കോടി രൂപയാണ് ചിലവഴിക്കുക. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തിറങ്ങി.

ഇതുവരെ കാര്യമായ പ്രതികരണങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഇക്കാര്യം പരസ്യപ്പെടുത്തുന്നതിലൂടെ കൂടുതല്‍ പേര്‍ മുന്നോട്ട് വരുമെന്നാണ് കരുതുന്നത് എന്നും തൊഴില്‍ മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ ഏറ്റവും മോശമായി ബാധിച്ച കുടിയേറ്റ തൊഴിലാളികളേയും ഫാക്ടറി തൊഴിലാളികളേയും സര്‍ക്കാര്‍ അവഗണിക്കുന്നു എന്നുളള രൂക്ഷ വിമര്‍ശനം മറികടക്കാന്‍ കൂടിയാണ് ഈ ക്യാംപെയ്ന്‍ വഴി കേന്ദ്രം ലക്ഷ്യമിടുന്നത്.

ആവശ്യമായ രേഖകള്‍ തൊഴിലാളികള്‍ നേരിട്ട് തന്നെ ഹാജരാക്കണം. ഡിസംബറില്‍ ജോലി നഷ്ടപ്പെടാന്‍ സാധ്യത ഉളള എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ അംഗങ്ങള്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും. തൊഴിലില്ലായ്മ നേരിടുന്ന ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആണ് 2018ല്‍ കേന്ദ്ര സര്‍ക്കാര്‍ അടല്‍ ഭീമിത് വ്യക്തി കല്യാണ്‍ യോജന രൂപീകരിച്ചത്. പദ്ധതി നീട്ടാന്‍ കഴിഞ്ഞ മാസം തീരുമാനിച്ചതിന് ശേഷം ദിവസം 400 അപേക്ഷകള്‍ ആണ് വരുന്നത് എന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

Author

Related Articles