ലക്ഷ്മി വിലാസ് ബാങ്കിനെ ഡിബിഎസ് ഏറ്റെടുക്കുന്നു; ബിസിനസ് മെച്ചപ്പെടുമെന്ന് പ്രതീക്ഷ
ലക്ഷ്മി വിലാസ് ബാങ്കിനെ ഏറ്റെടുത്ത സാഹചര്യത്തില്‍ ഇന്ത്യയിലെ ബിസിനസ് കൂടുതല്‍ ശക്തമാക്കാന്‍ തയ്യാറെടുക്കുകയാണ് ഡിബിസ് ബാങ്ക്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ലക്ഷ്മി വിലാസ് ബാങ്കിനെ ഡിബിഎസ് ബാങ്ക് ഇന്ത്യയുമായി ചേര്‍ക്കാനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് ആരംഭിച്ചുകഴിഞ്ഞു. ലയനവുമായി ബന്ധപ്പെട്ട കരട് പദ്ധതിക്ക് കേന്ദ്ര ബാങ്ക് അനുമതി നല്‍കിയിട്ടുണ്ട്. സിംഗപ്പൂരിലെ ഡിബിഎസ് ബാങ്ക് ലിമിറ്റഡിന് കീഴിലാണ് ഡിബിഎസ് ബാങ്ക് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്.
എന്തായാലും ലയനം ഡിബിഎസിന്റെ ഇന്ത്യയിലെ ബിസിനസ് കൂടുതല്‍ 'പുഷ്ടിപ്പെടുത്തും'. ലക്ഷ്മി വിലാസ് ബാങ്കിന്റെ കൈവശമുള്ള ചില്ലറ, ചെറുകിട, ഇടത്തരം ഉപഭോക്താക്കളെല്ലാം ഇനി ഡിബിഎസിലേക്കാണ് കടന്നുവരിക. പുതിയ സാഹചര്യത്തില്‍ ഡിബിഎസ് ഇന്ത്യയുടെ ഉപഭോക്തൃ നിക്ഷേപവും അറ്റ വായ്പയും 50 മുതല്‍ 70 ശതമാനം വരെ വര്‍ധിക്കുമെന്ന് ആഗോള റേറ്റിങ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് പ്രവചിക്കുന്നു.
നിലവില്‍ 500 ഓളം ശാഖകള്‍ ലക്ഷ്മി വിലാസ് ബാങ്കിന് ഇന്ത്യയിലുടനീളമുണ്ട്. ഇവയും ഡിബിഎസിലേക്ക് വന്നുചേരും. പറഞ്ഞുവരുമ്പോള്‍ 27 ശാഖകള്‍ മാത്രമാണ് ഡിബിഎസ് ബാങ്ക് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യയെ സുപ്രധാന വിപണിയായാണ് ഡിബിഎസ് ഉറ്റുനോക്കുന്നത്. ഇന്ത്യയില്‍ കാലുറപ്പിക്കാന്‍ ഡിബിഎസിന് ഇതിലും മികച്ച അവസരം കിട്ടാനില്ല. ലയനം നടന്നാല്‍ ഡിബിഎസിന്റെ അറ്റ വായ്പകള്‍ 0.9 ശതമാനത്തില്‍ നിന്നും 1.5 ശതമാനമായി വര്‍ധിക്കുമെന്നാണ് മൂഡീസ് പ്രവചിക്കുന്നത്. ഇതേസമയം, ബാങ്കിന്റെ അറ്റ വായ്പ വ്യാക്തീകരണം ചെറുതായിത്തന്നെ തുടരും. ഒപ്പം ക്രെഡിറ്റ് പ്രൊഫൈലും മാറില്ല, മൂഡീസ് അറിയിച്ചു.
പരമ്പരാഗത ബാങ്കിങ് ശാഖകളെ ഡിജിറ്റല്‍ പദ്ധതികളുമായി കോര്‍ത്തിണക്കാനും ഡിബിഎസിന് മുന്നില്‍ അവസരമുണ്ട്. നിലവില്‍ ഇന്ത്യയും ഇന്തോനേഷ്യയുമാണ് ഡിബിഎസിന്റെ പ്രധാന രണ്ടു വിപണികള്‍. ഈ രണ്ടു രാജ്യങ്ങളിലും ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ വിപുലപ്പെടുത്താന്‍ ബാങ്ക് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞവര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നുമായി 3 ദശലക്ഷം ഡിജിറ്റല്‍ ഉപഭോക്താക്കള്‍ ബാങ്കിനുണ്ട്.
ലക്ഷ്മി വിലാസ് ബാങ്കിനെ ഏറ്റെടുക്കുന്നതോടെ ചെറുകിട, ഇടത്തരം ഗണങ്ങളില്‍പ്പെടുന്ന ഉപഭോക്താക്കളും ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ ഭാഗമാവും. ഇതുവരെ കോര്‍പ്പറേറ്റ് ഉപഭോക്താക്കളിലായിരുന്നു ഡിബിഎസ് ബാങ്ക് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. നിലവില്‍ ലക്ഷ്മി വിലാസ് ബാങ്കിന് മേല്‍ കേന്ദ്ര സര്‍ക്കാര്‍ മൊറട്ടോറിയം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തമിഴ്നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലക്ഷ്മി വിലാസ് ബാങ്കിന്റെ സാമ്പത്തിക നില തുടരെ മോശമായ സാഹചര്യത്തിലാണ് മൊറട്ടോറിയം നടപടി സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ലക്ഷ്മി വിലാസ് ബാങ്ക് നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനിടെ നിക്ഷേപകര്‍ ഒന്നടങ്കം വലിയ തുക പിന്‍വലിക്കാനും തുടങ്ങിയതോടെ ബാങ്കിന്റെ സ്ഥിതി കൂടുതല്‍ വഷളായി. ഭരണ സമിതിയിലെ പ്രശ്നങ്ങളും തര്‍ക്കങ്ങളും ലക്ഷ്മി വിലാസ് ബാങ്കിന്റെ വീഴ്ച്ചയ്ക്കുള്ള മറ്റു കാരണങ്ങളാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍