മാര്‍ച്ച് പാദത്തില്‍ 163 കോടി രൂപയുടെ അറ്റാദായം കണ്ടെത്തി മഹീന്ദ്ര
മുംബൈ: രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മഹീന്ദ്ര മാര്‍ച്ച് പാദത്തില്‍ 163 കോടി രൂപയുടെ അറ്റാദായം കണ്ടെത്തി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മഹീന്ദ്ര വെഹിക്കുലാര്‍ മാനുഫാക്ച്ചറിങ് (എംവിഎംഎല്‍) എന്നീ കമ്പനികള്‍ സംയുക്തമായാണ് കണക്കുപുസ്തകത്തില്‍ ഈ നേട്ടം കുറിച്ചത്. കൃത്യം ഒരു വര്‍ഷം മുന്‍പ് ഇതേ കാലത്ത് 3,255 കോടി രൂപയുടെ നഷ്ടം മഹീന്ദ്ര നേരിട്ടിരുന്നു. ജനുവരി - മാര്‍ച്ച് കാലയളവില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും എംവിഎംഎല്ലും ചേര്‍ന്ന് 13,338 കോടി രൂപ സംയുക്ത വരുമാനം കുറിച്ചു. വാര്‍ഷികാടിസ്ഥാനത്തിലുള്ള ചിത്രം പരിശോധിച്ചാല്‍ വളര്‍ച്ച 48 ശതമാനം.
ഇന്ത്യയില്‍ ഒന്നാം ലോക്ക്ഡൗണിന് ശേഷം വാഹന വിപണി ഉണര്‍ന്നതും കാര്‍ഷിക മേഖലയില്‍ ട്രാക്ടറുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചതും മഹീന്ദ്രയുടെ വളര്‍ച്ചയ്ക്ക് ആധാരമായി. മികവേറിയ മാര്‍ച്ച് പാദം മുന്‍നിര്‍ത്തി ഓഹരിയുടമകള്‍ക്ക് 8.75 രൂപ വീതം ലാഭവിഹിതം നല്കാന് (പ്രതിഓഹരിക്ക്) മഹീന്ദ്രയുടെ ബോര്‍ഡ് സമിതി തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് പാദത്തില്‍ വാഹന വില്‍പ്പന തകൃതിയായി നടന്നെങ്കിലും ആഗോളതലത്തില്‍ നേരിടുന്ന സെമികണ്ടക്ടറുകളുടെ ലഭ്യതക്കുറവ് ഉത്പാദനത്തെയും വില്‍പ്പനയെയും ബാധിച്ചെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനപാദത്തില്‍ കാര്‍ഷിക മേഖലയിലേക്കുള്ള യന്ത്രസാമഗ്രികളുടെ ബിസിനസില്‍ കമ്പനി കാര്യമായ മുന്നേറ്റം നടത്തി. ഈ വിഭാഗത്തില്‍ പലിശയ്ക്കും നികുതിയ്ക്കും മുന്‍പുള്ള കമ്പനിയുടെ ലാഭം (പിബിഐടി) 100 ശതമാനം ഉയര്‍ന്ന് 1,095 കോടി രൂപയായി. പിബിഐടി മാര്‍ജിന്‍ 17.6 ശതമാനത്തില്‍ നിന്നും 22 ശതമാനമായി വര്‍ധിച്ചെന്നും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.
പ്രധാന ബിസിനസുകളുടെ വളര്‍ച്ചയ്ക്കൊപ്പം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് മഹീന്ദ്രയെന്ന് കമ്പനിയുടെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ ഡോക്ടര്‍ അനീഷ് ഷാ പറഞ്ഞു. മൊത്തത്തിലുള്ള ചിത്രം വിലയിരുത്തിയാല്‍ മഹീന്ദ്രയുടെ പ്രവര്‍ത്തനങ്ങല്‍ നിന്നുള്ള ലാഭവും കഴിഞ്ഞതവണ ഉയര്‍ന്നിട്ടുണ്ട്. 1,960 കോടി രൂപയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും എംവിഎംഎല്ലും സംയുക്തമായി ഈ ഇനത്തില്‍ കണ്ടെത്തിയത്. വാര്‍ഷികാടിസ്ഥാനത്തില്‍ 60 ശതമാനം വളര്‍ച്ച. ഇരു കമ്പനികളുടെയും സംയുക്ത പ്രവര്‍ത്തന മാര്‍ജിന്‍ 13.6 ശതമാനത്തില്‍ നിന്നും 14.7 ശതമാനമായി മെച്ചപ്പെട്ടു. ചരക്കുവില കുത്തനെ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഈ നേട്ടം.
മൂലധനം വിന്യസിക്കാനുള്ള മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ നിര്‍ണായക തീരുമാനം ശരിയാണെന്ന് മാര്‍ച്ച് പാദത്തിലെ കണക്കുകള്‍ പറയുന്നുണ്ട്. 3,578 കോടി രൂപയില്‍ നിന്നും 840 കോടി രൂപയായി നഷ്ടം കുറയ്ക്കാന്‍ ഇതുവഴി കമ്പനിക്ക് സാധിച്ചു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 847 രൂപയാണ് ഇപ്പോള്‍ മഹീന്ദ്ര ഓഹരികള്‍ക്ക് വിലനിലവാരം. മാര്‍ച്ച് പാദ ഫലം അടിസ്ഥാനപ്പെടുത്തി 2.22 ശതമാനം നേട്ടം കുറിക്കാന്‍ മഹീന്ദ്ര ഓഹരികള്‍ക്ക് ഇന്നലെ സാധിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍