News

മികച്ച നേട്ടം സ്വന്തമാക്കി മലബാര്‍ സിമന്റ്‌സ്; 7.04 കോടി രൂപയുടെ ലാഭം

വാളയാര്‍: പ്രളയവും കോവിഡും ഉയര്‍ത്തിയ പ്രതിസന്ധി അതിജീവിച്ചു 3 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം, പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സ് വീണ്ടും ലാഭം നേടി. 2020-21സാമ്പത്തിക വര്‍ഷത്തില്‍ 7.04 കോടി രൂപയുടെ ലാഭമാണു കമ്പനി കൈവരിച്ചത്. ഇതോടെ, 3 വര്‍ഷമായി മുടങ്ങിയ വാര്‍ഷിക ഉല്‍പാദന ലാഭവിഹിതം ജീവനക്കാര്‍ക്കു പ്രോത്സാഹനമായി ഉടന്‍ നല്‍കുമെന്നു മാനേജിങ് ഡയറക്ടര്‍ എം. മുഹമ്മദലി അറിയിച്ചു.

ഒന്നും രണ്ടും പ്രളയത്തില്‍ വലിയ നഷ്ടമാണു കമ്പനിക്കുണ്ടായത്. പല ഘട്ടങ്ങളിലും ഉല്‍പാദനം പോലും മുടങ്ങി. ഇതുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിക്കു പിന്നാലെയാണു കോവിഡ് എത്തിയത്. പ്രതിവര്‍ഷം 25 ലക്ഷം രൂപയുടെ നഷ്ടത്തിലേക്കു കമ്പനി ഇതോടെ കൂപ്പുകുത്തി. ജീവനക്കാരുടെ ചിട്ടയായ പ്രവര്‍ത്തനങ്ങളും മാനേജ്‌മെന്റിന്റെ ഏകോപനവും കൂടി ചേര്‍ന്നാണു കമ്പനിയെ വീണ്ടും ലാഭത്തിലേക്കു നയിച്ചത്. ജനപ്രിയ ബ്രാന്‍ഡുകളുടെ ഉല്‍പാദനവും വിപണനവും കൂട്ടിയും ഉല്‍പാദന, വിതരണ രംഗത്ത് സാങ്കേതികവിദ്യയുടെ സഹായത്തോടെ ചെലവു കുറച്ചുമാണു ലാഭത്തിലേക്കെത്തിയത്. അടുത്ത വര്‍ഷങ്ങളിലും നേട്ടം തുടരാനുള്ള പരിശ്രമത്തിലാണെന്നു മാനേജിങ് ഡയറക്ടര്‍ എം. മുഹമ്മദലി അറിയിച്ചു.

Author

Related Articles