News

ഇന്ത്യയിലെ മാമ്പഴവും മാതളവും അമേരിക്കയിലേക്ക്; യുഎസിലെ അല്‍ഫാല്‍ഫയും ചെറിയും തിരിച്ച് ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും മാമ്പഴവും മാതളവും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങുന്നു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിദേശ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ജനുവരി-ഫെബ്രുവരി മുതല്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ ശനിയാഴ്ച അറിയിച്ചിരിക്കുന്നത്. യുഎസിലേക്കുള്ള മാതളനാരങ്ങ കയറ്റുമതിക്കൊപ്പം യുഎസില്‍ നിന്നും അല്‍ഫാല്‍ഫയും ചെറിയും ഇറക്കുമതി ചെയ്യാനും തീരുമാനമായിട്ടുണ്ട്. ഇത് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ആരംഭിക്കുമെന്നാണ് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ഇന്ത്യയില്‍ നിന്നും യുഎസിലേക്ക് മാമ്പഴം കയറ്റി അയച്ചിരുന്നില്ല. കൊവിഡ് സാഹചര്യങ്ങള്‍ തന്നെയാണ് ഇതിന് പ്രധാന വഴിമുടക്കിയായി നിന്നിരുന്നത്. കയറ്റുമതി ഉല്‍പന്നങ്ങള്‍ സാക്ഷ്യപ്പെടുത്താന്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന യുഎസ് ഏജന്‍സികളില്‍ നിന്നുള്ള ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കൊവിഡ് 19 മഹാമാരി കാരണം യാത്രാ വിലക്ക് ഉണ്ടായിരുന്നതാണ് ഇതിന് പ്രധാന കാരണം. 2020ലെയും 2021ലെയും വേനല്‍ക്കാലത്ത് സമയത്ത് അവര്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നില്ല.

''2021 നവംബര്‍ 23ന് നടന്ന 12-ാമത് ഇന്ത്യ യുഎസ് ട്രേഡ് പോളിസി ഫോറം യോഗത്തിന്റെ അടിസ്ഥാനത്തില്‍, കൃഷി, കര്‍ഷക ക്ഷേമ വകുപ്പും യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രികള്‍ച്ചറും (യുഎസ്ഡിഎ) 2 vs 2 അഗ്രി മാര്‍ക്കറ്റ് നടപ്പിലാക്കുന്നതിനുള്ള ഒരു ചട്ടക്കൂട് കരാറില്‍ ഒപ്പുവച്ച''തായി മന്ത്രാലയം പറഞ്ഞു.

പുതിയ കരാര്‍ പ്രകാരം ഇന്ത്യന്‍ മാമ്പഴങ്ങള്‍, മാതളനാരങ്ങ, മാതളനാരങ്ങ അല്ലികള്‍ എന്നിവയുടെ സൂക്ഷ്മപരിശോധനയും ഇന്ത്യയിലെ യുഎസ് ചെറി, അല്‍ഫാല്‍ഫ ഹേ എന്നിവയുടെ വിപണി പ്രവേശനവും ഉള്‍പ്പെടുന്നു. മാമ്പഴത്തിന്റെയും മാതളനാരങ്ങയുടെയും കയറ്റുമതി 2022 ജനുവരി - ഫെബ്രുവരി മുതലും മാതളനാരങ്ങ അല്ലികള്‍ 2022 ഏപ്രില്‍ മുതലും ആരംഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. അതിന് പുറമെ, യുഎസിലേക്കുള്ള പന്നിയിറച്ചി വില്‍ക്കുന്നതിനുള്ള സന്നദ്ധത മൃഗസംരക്ഷണ, ക്ഷീരപരിപാലന വകുപ്പ് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

Author

Related Articles