News

മെയ് മാസത്തില്‍ ഇന്ത്യയുടെ മാനുഫാക്ചറിംഗ് പിഎംഐ 50.8 ആയി ചുരുങ്ങി

ന്യൂഡല്‍ഹി: കൊറോണ വൈറസ് മഹാമാരിയുടെ രണ്ടാം തരംഗവും സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണുകളും വ്യാവസായിക പ്രവര്‍ത്തനത്തെ ബാധിച്ചതോടെ മെയ് മാസത്തില്‍ ഇന്ത്യയുടെ ഉല്‍പാദന പ്രവര്‍ത്തനം ഇടിഞ്ഞു. മാനുഫാക്ചറിംഗ് പിഎംഐ 50.8 ആയി കുറഞ്ഞുവെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റ് ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജര്‍മാരുടെ സൂചിക (പിഎംഐ) ഏപ്രിലില്‍ 55.5 ആയിരുന്നു. സൂചികയില്‍ 50ന് മുകളിലുള്ള നില വിപുലീകരണത്തെയും 50ന് താഴെയുള്ളത് സങ്കോചത്തെയും കാണിക്കുന്നു.   

മേയിലും ഇന്ത്യന്‍ ഉല്‍പ്പാദന മേഖല വികാസത്തിന്റെ പാതയിലാണെങ്കിലും വളര്‍ച്ചയില്‍ ഗണ്യമായ നഷ്ടം നേരിട്ടു. 10 മാസങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് പിഎംഐ. കോവിഡ് -19 പ്രതിസന്ധി ആവശ്യകതയെ ദോഷകരമായി ബാധിച്ചു. കമ്പനികള്‍ പുതിയ വര്‍ക്കുകളിലും ഉല്‍പ്പാദനത്തിലും 10 മാസത്തിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍പുട്ട് വാങ്ങലിന്റെ വളര്‍ച്ചയിലും ഗണ്യമായ മാന്ദ്യം പ്രകടമായി. മേയിലും മാനുഫാക്ചറിംഗ് മേഖലയിലെ തൊഴിലുകളില്‍ വെട്ടിക്കുറയ്ക്കലുകള്‍ ഉണ്ടായി. മഹാമാരി സംബന്ധിച്ച ആശങ്കകള്‍ അടുത്ത ഒരു വര്‍ഷ കാലയളവിലെ ഉല്‍പ്പാദനം സംബന്ധിച്ച ബിസിനസ് ആത്മവിശ്വാസത്തെ ബാധിച്ചു.   

പുതിയ ഓര്‍ഡറുകള്‍ നാമമാത്രമായ വേഗതയിലാണ് മേയില്‍ വര്‍ധിച്ചത്. കോവിഡ് ആദ്യ തരംഗം കഴിഞ്ഞ വികാസത്തിന്റെ പാതയിലേക്ക് തിരിച്ചെത്തിയ 2020 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണത്. യിലായിരുന്നു. പുതിയ കയറ്റുമതി ഓര്‍ഡറുകളും നേരിയ നിരക്കില്‍ വര്‍ദ്ധിച്ചുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കു്‌നു. കോവിഡ് -19 നിയന്ത്രണങ്ങളും പുതിയ ജോലികളുടെ അഭാവവും തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ കമ്പനികളെ പ്രേരിപ്പിച്ചു. മേയില്‍ നേരിയ തോതിലാണ് തൊഴിലുകള്‍ കുറഞ്ഞതെങ്കിലും ഏപ്രിലിനെ അപേക്ഷിച്ച് ഇത് കൂടുതലാണ്.

അസംസ്‌കൃത വസ്തുക്കളുടെ സംഭരണത്തിലും നേരിയ വര്‍ധനയാണ് മേയില്‍ ഉണ്ടായത്. അതേ സമയം പോസ്റ്റ് പ്രൊഡക്ഷന്‍ ഇന്‍വെന്ററികളില്‍ കനത്ത സങ്കോചം ഉണ്ടായി. ആദ്യത്തെ രാജ്യവ്യാപകമ ലോക്ക്ഡൗണിനെ അപേക്ഷിച്ച് ഇപ്പോഴത്തെ ലോക്ക്ഡൗണുകള്‍ ഉല്‍പ്പാദന മേഖലയെ ബാധിക്കുന്നത് കുറവാണെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റ് ഇക്കണോമിക്‌സ് അസോസിയേറ്റ് ഡയറക്ടര്‍ പോളിയന്ന ഡി ലിമ പറഞ്ഞു.

Author

Related Articles