News

അദാനി ഗ്രീന്‍ എനര്‍ജി വിപണി മൂല്യം 3 ലക്ഷം കോടി രൂപയായി

ഓഹരി സൂചികകളില്‍ നഷ്ടത്തിന്റെ ദിനമായിട്ടും പുതിയ ഉയരങ്ങള്‍ കീഴടക്കി അദാനി ഗ്രീന്‍ എനര്‍ജി. ദിനവ്യാപാരത്തിനിടെ ബിഎസ്ഇയില്‍ ഓഹരി വില 2.6 ശതമാനം ഉയര്‍ന്ന് 1,955.90 നിലവാരത്തിലെത്തി. ബിഎസ്ഇ സെന്‍സെക്സ് സൂചിക 0.77 ശതമാനം നഷ്ടത്തില്‍ വ്യാപാരം നടന്നപ്പോഴാണ് അദാനി ഗ്രീന്‍ എനര്‍ജിയില്‍ ഈ മുന്നേറ്റം. നടപ്പ് സാമ്പത്തികവര്‍ഷത്തെ മൂന്നാം പാദഫലം പുറത്തുവിട്ടതാണ് ഇന്നത്തെ മുന്നേറ്റത്തിന് കാരണം.

14 വ്യാപാരദിനങ്ങള്‍ക്കിടെ 50ശതമാനത്തിലേറെ നേട്ടമാണ് നിക്ഷേപകന് ഓഹരി സമ്മാനിച്ചത്. ഈ കാലയളവില്‍ സെന്‍സെക്സിലുണ്ടായ നേട്ടമാകട്ടെ 4.3ശതമാനവുമാണ്. 2021 ഡിസംബര്‍ 30ന് 1,307.05 രൂപയായിരുന്നു ഓഹരിയുടെ വില. വിലയില്‍ മുന്നേറ്റമുണ്ടായതോടെ കമ്പനിയുടെ വിപണിമൂല്യം മൂന്നുലക്ഷം കോടി കടന്നു. അദാനി ഗ്രൂപ്പിന് കീഴിയുള്ള കമ്പനികളുടെയെല്ലാം വിപണിമൂല്യത്തില്‍ കുതിപ്പുണ്ടായിട്ടുണ്ട്. അദാനി ട്രാന്‍സ്മിഷന്‍(2.15ലക്ഷം കോടി), അദാനി എന്റര്‍പ്രൈസസ് (2 ലക്ഷം കോടി), അദാനി ടോട്ടല്‍ ഗ്യാസ് (1.95 ലക്ഷംകോടി), അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷല്‍ ഇക്കണോമിക് സോണ്‍ (1.52 ലക്ഷം കോടി) എന്നിങ്ങനെയാണ് കമ്പനികളുടെ വിപണി മൂല്യം.

Author

Related Articles