News

ഹോട്ടല്‍ ശൃംഖലയായ മാരിയറ്റ് റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു

മോസ്‌കോ: ആഗോള ഹോട്ടല്‍ ശൃംഖലയായ മാരിയറ്റ് റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. യുറോപ്യന്‍ യൂണിയന്‍, യുഎസ് എന്നിവര്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്ന് റഷ്യയില്‍ പ്രവര്‍ത്തനം തുടരാന്‍ കഴിയാത്ത സാഹചര്യമാണെന്ന് മാരിയറ്റ് പ്രതികരിച്ചു. 25 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷമാണ് മാരിയറ്റ് റഷ്യ വിടുന്നത്. അതേസമയം, മൂന്നാംകക്ഷികളുടെ നേതൃത്വത്തില്‍ നടത്തുന്ന 22ഓളം ഹോട്ടലുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും മാരിയറ്റ് അറിയിച്ചു.

റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനെ സങ്കീര്‍ണം എന്നാണ് മാരിയറ്റ് വിശേഷിപ്പിച്ചത്. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് മറ്റ് ഹോട്ടലുകളില്‍ ജോലി നല്‍കുമെന്നും മാരിയറ്റ് അറിയിച്ചിട്ടുണ്ട്. മാരിയറ്റിന് പുറമേ മറ്റൊരു അന്താരാഷ്ട്ര ഹോട്ടല്‍ ശൃംഖലയായ ഹില്‍ട്ടണും റഷ്യവിടുകയാണെന്ന് അറിയിച്ചിരുന്നു. മക്‌ഡോണാള്‍ഡ്, സ്റ്റാര്‍ബക്ക്‌സ് തുടങ്ങിയ കമ്പനികളും പാശ്ചാത്യ ഉപരോധത്തെ തുടര്‍ന്ന് റഷ്യ വിട്ടിരുന്നു. അതേസമയം, റഷ്യ വിടുന്നതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മാരിയറ്റ് പുറത്ത് വിട്ടിട്ടില്ല.

Author

Related Articles