News

ഡിസംബര്‍ വില്‍പ്പനയില്‍ 20 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി മാരുതി സുസുകി

മുംബൈ: വാഹന വിപണിയെ സംബന്ധിച്ച് 2020 അത്ര നല്ല വര്‍ഷം ആയിരുന്നില്ല. 2020 ന്റെ തുടക്കത്തില്‍ തന്നെ കൊവിഡ് വ്യാപനം തുടങ്ങി. മാര്‍ച്ച് മാസം മുതല്‍ ലോക്ക് ഡൗണും. അതിന് ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയും. ഇതെല്ലാം ഏറ്റവും അധികം ബാധിച്ചത് വാഹന വിപണിയെ കൂടി ആയിരുന്നു. എന്നാല്‍ 2020 അവസാനിക്കുമ്പോള്‍ വാഹന വിപണിയ്ക്ക് പ്രത്യാശകളും മുന്നിലുണ്ട്. സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് രാജ്യം പതിയെ തിരിച്ചുവരികയാ്. മാരുതി സുസുകിയുടെ ഡിസംബര്‍ മാസത്തിലെ വില്‍പനയില്‍ മാത്രം 20 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.

2020 ഡിസംബറില്‍ മാത്രം മാരുതി സുസുകി ഇന്ത്യ വിറ്റഴിച്ചത് 1,60,226 യൂണിറ്റ് വാഹനങ്ങളാണ്. 2019 ഡിസംബറുമായി താരതമ്യം ചെയ്യുമ്പോള്‍ 20 ശതമാനം വര്‍ദ്ധനയാണ് നേടിയിട്ടുള്ളത്. കൊവിഡ് കാലത്തെ ഈ നേട്ടം വളരെ വലിയ നേട്ടം തന്നെയാണ്. 2019 ഡിസംബറില്‍ ഇത്തരം പ്രതിസന്ധികള്‍ ഒന്നും ഉണ്ടായിരുന്നില്ല.

കൊവിഡ് കാലം ആയിട്ടും 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ മാരുതി സുസുകി നേട്ടം തന്നെയാണ് ഉണ്ടാക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 13.4 ശതമാനം ആണ് വര്‍ദ്ധന. ഇതും ചെറിയ നേട്ടമല്ല. മൂന്നാം പാദത്തില്‍ മൊത്തം വിറ്റഴിച്ചത് 4,95,897 യൂണിറ്റ് വാഹനങ്ങള്‍ ആണ്.

2020 ഡിസംബറില്‍ ആഭ്യന്തര വിപണിയില്‍ മാത്രം വിറ്റത് ഒന്നര ലക്ഷത്തോളം മാരുതി സുസുകി വാഹനങ്ങള്‍ ആണ് (1.46 ലക്ഷം). ഇത് കൂടാതെ 9,938 യൂണിറ്റ് വാഹനങ്ങള്‍ കയറ്റുമതി ചെയ്യുകയും ചെയ്തു. ഒഇഎമ്മുകളായി 3,808 യൂണിറ്റുകള്‍ വേറേയും. എന്തായാലും തങ്ങള്‍ക്ക് സുരക്ഷ തന്നെയാണ് മുഖ്യമെന്നും അതിനോട് നൂറ് ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തുമെന്നും ആണ് കമ്പനി പറയുന്നത്. ജീവനക്കാരുടേയും ഉപഭോക്താക്കളുടേയും സുരക്ഷയ്ക്കായി എല്ലാ സജ്ജീകരണങ്ങളും ഉണ്ടെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

വാഗണ്‍ ആര്‍, സ്വിഫ്റ്റ്, സെലാരിയോ, ഇഗ്‌നിസ്, ബലേനോ, ഡിസൈര്‍ തുടങ്ങിയ കോംപാക്ട് സെഗ്മെന്റിലെ വില്‍പനയിലും വലിയ വളര്‍ച്ചയാണ് ഡിസംബറില്‍ ഉണ്ടായത്. കഴിഞ്ഞ ഡിസംബറുമായി താരതമ്യം ചെയ്യുമ്പോള്‍ 18.2 ശതമാനം ആണ് വില്‍പന കൂടിയത്. 2020 ഡിസംബറില്‍ വിറ്റുപോയതേ 77,641 യൂണിറ്റ് കോംപാക്ട് സെഗ്മെന്റ് വാഹനങ്ങളാണ്.

എന്നാല്‍ സിയാസ് പോലുള്ള മധ്യനിര സെഡാന്‍ വാഹനങ്ങളുടെ വില്‍പനയില്‍ വലിയ ഇടിവും ഇത്തവണ നേരിട്ടിട്ടുണ്ട്. 2019 ഡിസംബറിനെ അപേക്ഷിച്ച് 28.9 ശതമാനമാണ് ഇത്തരം വാഹനങ്ങളുടെ വില്‍പനയില്‍ കുറവ് വന്നിട്ടുള്ളത്. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ ആണ് രാജ്യം കടന്നുപോകുന്നത് എങ്കിലും ധനികരെ അത് അത്ര കണ്ട് ബാധിച്ചിട്ടില്ല എന്ന് വേണം പറയാന്‍. യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പനയില്‍ മാരുതി സുസുകി ഉണ്ടാക്കിയ നേട്ടം വ്യക്തമാക്കുന്നത് ്ത് തന്നെയാണ്. ബ്രെസ്സ, എസ് ക്രോസ്, എക്സ്എല്‍-6 തുടങ്ങിയ യൂട്ടിയിലിറ്റി വാഹനങ്ങളുടെ വില്‍പനയില്‍ എട്ട് ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.

ലോക്ക് ഡൗണ്‍ കാലത്ത് കയറ്റുമതി- ഇറക്കുമതി മേഖലകള്‍ കടുത്ത പ്രതിസന്ധിയില്‍ ആയിരുന്നു. എന്നാല്‍ അതിന് ശേഷം മേഖല തിരിച്ചുവരവിന്റെ പാതയില്‍ ആണ്. മാരുതി സുസുകി ഇന്ത്യയുടെ വാഹന കയറ്റുമതി 2019 ഡിസംബറിനെ അപേക്ഷിച്ച് 2020 ഡിസംബറില്‍ 31.4 ശതമാനം വര്‍ദ്ധിച്ചു എന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.

Author

Related Articles