News

ഒന്നാം പാദത്തില്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാകാതെ മാരുതി സുസുകി

2021-22 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാകാതെ മാരുതി സുസുകി. 440.8 കോടി രൂപയാണ് ഇക്കാലയളവിലെ രാജ്യത്തെ ജനപ്രിയ കാര്‍ നിര്‍മാതാക്കളുടെ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 249 കോടി രൂപയായിരുന്നു. ഒന്നാം പാദത്തില്‍ 828 കോടി രൂപയുടെ അറ്റാദായം കമ്പനി നേടുമെന്നായിരുന്നു വിദഗ്ധരുടെ വിലയിരുത്തല്‍.

അതേസമയം, അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം കമ്പനിയുടെ മാര്‍ജിന്‍ പ്രകടനത്തില്‍ സാരമായി പ്രതിഫലിച്ചു. കഴിഞ്ഞ പാദത്തില്‍ പ്രവര്‍ത്തന മാര്‍ജിന്‍ 4.8 ശതമാനമായിരുന്നു. മുന്‍ പാദത്തില്‍ ഇത് 8.6 ശതമാനമായിരുന്നു. ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 17,770 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി നേടിയത്. കഴിഞ്ഞവര്‍ഷത്തെ ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 333 ശതമാനത്തിന്റെ വര്‍ധന. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ രാജ്യത്ത് ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നതിനാല്‍ വില്‍പ്പന വളരെ ദുര്‍ബലമായിരുന്നു.

അതേസമയം, കോവിഡ് രണ്ടാം തരംഗം 2021-22 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തിലെ ഉല്‍പ്പാദനത്തെയും വില്‍പ്പനയെയും സാരമായി ബാധിച്ചതായി കമ്പനി വ്യക്തമാക്കി. കഴിഞ്ഞപാദവുമായി താരമ്യം ചെയ്യുമ്പേള്‍ കമ്പനിയുടെ അറ്റവില്‍പ്പന 27 ശതമാനം ഇടിഞ്ഞു. അറ്റാദായത്തില്‍ 62 ശതമാനത്തിന്റെ കുറവാണുണ്ടായത്. ഇത് കോവിഡ് രണ്ടാം തരംഗം മാരുതിയുടെ ബിസിനസിനെ സാരമായി ബാധിച്ചതായി വ്യക്തമാക്കുന്നു.

News Desk
Author

Related Articles