News

ഇലക്ട്രിക് വാഹന വിപണിയിലേക്ക് മാരുതി സുസുക്കി എത്തുക 2025ഓടെ; പദ്ധതി വ്യക്തമാക്കി ആര്‍സി ഭാര്‍ഗവ

ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങള്‍ എപ്പോള്‍ പുറത്തിറക്കുമെന്ന ചോദ്യത്തിന് ഉത്തരവുമായി മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ. 2025ല്‍ മാത്രമേ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുവെന്ന് അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് വാഹന വിപണിയിലേക്ക് കടന്നാല്‍ പ്രതിമാസം 10,000 കാറുകള്‍ വില്‍ക്കുകയാണ് ലക്ഷ്യം. കമ്പനിയുടെ രണ്ടാംപാദ ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ നടത്തിയ വിര്‍ച്വല്‍ കോണ്‍ഫറന്‍സിലാണ് പ്രതികരണം.

നിലവിലെ ഇലക്ട്രിക് വാഹനവിപണിയില്‍ ബാറ്ററി, ചാര്‍ജിങ് സ്‌റ്റേഷനുകള്‍, വൈദ്യുതി വിതരണം എന്നിവയെല്ലാം നിര്‍വഹിക്കുന്നത് മറ്റ് കമ്പനികളാണ്. അതുകൊണ്ട് ഇലക്ട്രിക് വാഹനങ്ങളുടെ വില മാരുതിക്ക് തീരുമാനിക്കാനാവില്ല. ഇന്ധനവില ഉയരുന്ന സാഹചര്യത്തില്‍ സി.എന്‍.ജി വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും മാരുതി ചെയര്‍മാന്‍ അറിയിച്ചു.

പ്രതിവര്‍ഷം 20 ലക്ഷം കാറുകളാണ് മാരുതി വില്‍ക്കുന്നത്. ഈ വര്‍ഷം പുറത്തിറക്കിയ എല്ലാ കാറുകള്‍ക്കും നല്ല ഡിമാന്‍ഡുണ്ട്. നിലവില്‍ ഇലക്ട്രിക് വിപണിയിലേക്ക് ഇറങ്ങാന്‍ ഉദ്ദേശമില്ലെന്ന് അറിയിച്ച മാരുതി അതിനെ കുറിച്ച് 2025ന് ശേഷം മാത്രമേ ചിന്തിക്കുവെന്നും വ്യക്തമാക്കി. നേരത്തെ വാഗണ്‍ ആറിന്റെ ഇലക്ട്രിക് വകഭേദം മാരുതി ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ പൂര്‍ണമായും നിഷേധിക്കുകയാണ് മാരുതി സുസുക്കി ചെയര്‍മാന്‍. മാരുതിയുടെ പ്രധാന ഏതിരാളികളായ ടാറ്റ മോട്ടോഴ്‌സ് രണ്ട് ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കിയിരുന്നു. നെക്‌സോണ്‍, ടിഗോര്‍ കാറുകളുടെ ഇലക്ട്രിക് വകഭേദമാണ് ടാറ്റ പുറത്തിറക്കിയത്.

Author

Related Articles