News

മാരുതിയും ടൊയോട്ടയും ഒരുമിച്ച് വാഹനങ്ങള്‍ പൊളിക്കുന്നു!

മാരുതി സുസുക്കിയും ടൊയോട്ട സൂഷോ ഗ്രൂപ്പും സംയുക്തമായി വാഹന സ്‌ക്രാപ്പിംഗ് യൂണീറ്റ് ആരംഭിച്ചു. നോയിഡയില്‍ 10,993 ചതുരശ്ര മീറ്ററില്‍ പ്രവര്‍ത്തിക്കുന്ന യൂണീറ്റില്‍ പ്രതിവര്‍ഷം 24,000 യൂണീറ്റ് വാഹനങ്ങള്‍ റീസൈക്കിള്‍ ചെയ്യാനാവും. അത്യാധുനിക സൗകര്യങ്ങളോടെയുള്ള സ്‌ക്രാപ്പിംഗ് യൂണീറ്റിന് 44 കോടി രൂപ ചെലവ്.

സംഘടിതവും പരിസ്ഥിതി സൗഹൃദവുമായ സ്‌ക്രാപ്പിംഗ് യൂണീറ്റുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരു കമ്പനികളും സഹകരിക്കുന്നത്. മാരുതി സുസുക്കി ടൊയോട്ട്സൂ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് കീഴിലാണ് യൂണീറ്റ് പ്രവര്‍ത്തിക്കുക. ഇന്ത്യയില്‍ ഉടനീളം കൂടുതല്‍ സ്‌ക്രാപ്പിംഗ് യൂണീറ്റുകള്‍ ആരംഭിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ജപ്പാനില്‍ 1970 മുതല്‍ സ്‌ക്രാപ്പിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ടൊയോട്ട.

കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്‌ക്രാപ് പോളിസി പ്രഖ്യാപിച്ചത്. പുതിയ നയം അനുസരിച്ച് സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും ആണ് കാലാവധി. 15 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള 17 ലക്ഷത്തോളം ഫിറ്റ്നസ് ഇല്ലാത്ത വാഹനങ്ങളാണ് രാജ്യത്തെ നിരത്തുകളില്‍ ഉള്ളത്. 2022 ഏപ്രിലില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും 2023 ഏപ്രില്‍ മുതല്‍ വാണിജ്യ വാഹനങ്ങള്‍ക്കും 2024 ജൂണ്‍ മുതല്‍ സ്വകാര്യ വാഹനങ്ങള്‍ക്കും ഈ നയം ബാധകമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Author

Related Articles