ലോകത്തെ രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ ബില്യണയര്‍ ഇന്ത്യാക്കാരനായ റിതേഷ് അഗര്‍വാള്‍; അറിയാം ഈ ഇരുപത്തിനാലുകാരനെപ്പറ്റി
കഴിഞ്ഞ ദിവസം പുറത്ത് വന്ന ഹുറുന്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റില്‍ 2020 ല്‍ ഓയോ ഹോട്ടല്‍ സ്ഥാപകന്‍ റിതേഷ് അഗര്‍വാളിനെ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി തിരഞ്ഞെടുത്തു. ഏതാണ്ട് 1.1 ബില്യണ്‍ ഡോളര്‍ ( ഏകദേശം 7,800 കോടി രൂപ) ആണ് 24 കാരനായ റിതേഷിന്റെ ആസ്തി. 1.1 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള സൗന്ദര്യവര്‍ദ്ധക രാജ്ഞി കൈലി ജെന്നര്‍ ( 22 വയസ്സ്) ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. നിലവില്‍ 430,000 ഹോട്ടലുകളും 10 ലക്ഷം റൂമുകളുമാണ് റിതേഷ് നിയന്ത്രിക്കുന്നത്.
2013 ല്‍ തുടങ്ങിയ, സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള ഓയോ ഹോട്ടലുകള്‍ ഇതിനകം ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയായി മാറി. ഇതിന്റെ മൂല്യം 1000 കോടി ഡോളറായി ഉയര്‍ന്നു. ചൈനയിലെ രണ്ടാമത്തെ വലിയ ശൃംഖലയായി മാറിയതിനുശേഷം സ്റ്റാര്‍ട്ടപ്പ് യുഎസിലേക്കും യൂറോപ്പിലേക്കും വ്യാപിക്കുകയാണ്. 2023 ല്‍ ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയാകാനുള്ള പദ്ധതികള്‍ ഓയോ അവതരിപ്പിച്ചു തുടങ്ങി.
40 വയസ്സിന് താഴെയുള്ള, സ്വയം നിര്‍മിത സംരംഭകനായ ഇന്ത്യക്കാരനാണ് റിതേഷ് അഗര്‍വാള്‍. മുപ്പതുകളില്‍ സെറോഡ സ്ഥാപകരായ നിതിന്‍ കാമത്തും നിഖില്‍ കാമത്തും ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ യുവ സ്വയം സംരംഭം തുടങ്ങിയ ശതകോടീശ്വരന്മാരാണ്. ഫ്ലിപ്പ്കാര്‍ട്ടിന്റെ സഹസ്ഥാപകരായ സച്ചിന് ബന്‍സല്‍, ബിന്നി ബന്‍സാല്‍ (ഒരു ബില്യണ്‍ ഡോളര്‍ വീതം), ബൈജൂസ് രവീന്ദ്രന് (1.4 ബില്യണ്‍ ഡോളര്‍) എന്നിവരാണ് റിതേഷിനെ പിന്തുടരുന്നത്.
ആരാണ് റിതേഷ് അഗര്‍വാള്‍?
എന്‍ജിനീയറിംങ് പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കാനാണ് ഒറീസയിലെ കട്ടക്കില്‍ നിന്നും റിതേഷ് അഗര്‍വാള്‍ ഡല്‍ഹിയിലെത്തിയത്. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഹോട്ടല്‍ ശൃഖലയായ ഓയോ റൂംസിന്റെ അധിപനാണ് റിതേഷ്. 24കാരനായ റിതേഷിന്റെ ഓയോ റൂംസിന് ജപ്പാനിലെ സോഫ്റ്റ് ബാങ്ക് 100 ദശലക്ഷം ഡോളര്‍ (ഏകദേശം 670 കോടിരൂപ) ആണ് വായ്പയായി അനുവദിച്ചത്. ഇത്രചെറിയ പ്രായത്തില്‍ പണത്തിനൊപ്പം വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയതാണ് റിതേഷിനെ ശ്രദ്ധേയനാക്കുന്നത്.
1993 നവംബര്‍ 16ന് ഒറീസയിലെ കട്ടക്കിലാണ് റിതേഷിന്റെ ജനനം. റിതേഷിന്റെ വീട്ടുകാരില്‍ ഭൂരിഭാഗവും ബിസിനസുകാരായിരുന്നു. അതുകൊണ്ടുതന്നെ റിതേഷിന്റെ ചോരയില്‍ ബിസിനസിന് പ്രധാന സ്ഥാനമുണ്ടായിരുന്നു. യാത്രകളില്‍ ഹോട്ടലുകള്‍ ബുക്ക് ചെയ്യുന്നതിനുണ്ടായ പ്രയാസവും പല ഹോട്ടലുകളുടേയും നിലവാരക്കുറവുമാണ് ഓയോ റൂംസ് എന്ന ആശയത്തിലേക്ക് റിതേഷിന് എത്തിച്ചത്. ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിങ് എന്നതിലുപരി ബജറ്റ് ഹോട്ടലുകളെ ഒന്നിപ്പിച്ചതാണ് ഓയോ റൂംസിന്റെ സവിശേഷത. ഓയോ ബ്രാന്‍ഡിന്റെ കീഴിലുള്ള ഹോട്ടലുകളുടെ നിലവാരമുയര്‍ത്താന്‍ കഴിഞ്ഞതും റിതേഷിന്റെ സംരംഭത്തിന് ഗുണകരമായി.
എന്‍ജിനീയറിങ് പഠനം തലക്കു പിടിച്ചു നടന്ന കാലത്ത് പതിനേഴാം വയസില്‍ ഇന്ത്യന്‍ എന്‍ജിനിയറിംഗ് കോളജുകളുടെ വിവരങ്ങള്‍ അടങ്ങിയ പുസ്തകം തന്നെ റിതേഷ് രചിച്ചിട്ടുണ്ട്. കോളജുകളെക്കുറിച്ചുള്ള ഈ പുസ്തകത്തിലും പ്രവേശന പരീക്ഷക്കായുള്ള ശ്രമങ്ങളിലും ഒതുങ്ങി റിതേഷിന്റെ എന്‍ജിനീയറിംഗ് ബന്ധം. എന്‍ജിനീയറിങ് പ്രവേശന പരീക്ഷാ പരിശീലനത്തിനായി ഡല്‍ഹിയിലെത്തിയ റിതേഷ് ഓണ്‍ലൈന്‍ ഹോട്ടല്‍ റെന്റര്‍ രംഗത്തെ ആഗോള സൈറ്റായ എയര്‍ബിഎന്‍ബിയുടെ മാതൃകയില്‍ ഒരാവെല്‍ എന്ന പേരില്‍ വെബ് സൈറ്റ് ആരംഭിക്കുകയാണ് ചെയ്തത്. സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളെ സഹായിക്കുന്ന വെഞ്ച്വര്‍ നഴ്സറിയില്‍ നിന്ന് 30 ലക്ഷം രൂപ സ്വരൂപിക്കാന്‍ സാധിച്ചു. ഈ പണം ഉപയോഗിച്ചാണ് റിതേഷ് ബിസിനസ്സ് വിപുലീകരിച്ചത്.
ഓയോ റൂംസിന് കീഴില്‍ വന്നതോടെ ബിസിനസ് മെച്ചമാകുന്നുവെന്ന് കണ്ട് ഹോട്ടലുടമകളും സഹകരിക്കാന്‍ തയ്യാറായി. ഓയോ ഹോട്ടലുകളുടെ മുറികളും കുളിമുറികളും വൃത്തിയാക്കുകയും റൂം സര്‍വീസ് മെച്ചപ്പെടുത്തുകയും ചെയ്തു. 22 മിനിറ്റെടുത്ത് ചെയ്തിരുന്ന ഹൗസ് കീപ്പിംഗ് ഓയോ റൂംസ് ഏറ്റെടുത്തതോടെ 12 മിനിറ്റായി കുറഞ്ഞു. വൃത്തിയാക്കലിനും കിടക്ക വിരിക്കുന്നതിനുമാണ് 10 മിനിറ്റ്. മുറിയില്‍ കുപ്പിവെള്ളം, സോപ്പ്, ചീപ്പ്, ഷാമ്പു, പേപ്പര്‍, പേന എന്നിവ സജ്ജീകരിക്കുന്നതിനാണ് ബാക്കി സമയം ചെലവാക്കുന്നത്. എന്നാല്‍ ഇവയെല്ലാമടങ്ങുന്ന ഓയോ ബാഗ് റൂമില്‍ സജ്ജീകരിച്ചതോടെ ഈ സമയം ലാഭിച്ചു. ഓയോ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഹോട്ടലുകളില്‍ ഓരോ ദിവസം താമസിച്ച് അവിടുത്തെ സൗകര്യങ്ങള്‍ മനസിലാക്കാന്‍ റിതേഷ് മുന്നിട്ടിറങ്ങി.
വെബ്സൈറ്റ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും മുറി ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഓയോ ഒരുക്കിയിട്ടുള്ളത്. 50,000 മുതല്‍ 60,000 വരെ വരുമാനം ഉണ്ടാക്കിയിരുന്ന ഹോട്ടലുകളുടെ വരുമാനം ഓയോക്ക് കീഴിലായതോടെ 10- 12 ലക്ഷം വരെയായി ഉയര്‍ന്നതോടെ ഓയോ റൂംസിന്റെ പ്രചാരം അതിവേഗം വര്‍ധിച്ചു. മുറികള്‍ക്ക് ശരാശരി 999 രൂപയാണ് നിരക്ക്. കുറഞ്ഞ നിരക്കില്‍ മികച്ച നിലവാരം ഉറപ്പുവരുത്താനായതോടെ ഓയോ റൂംസിന്റെ ബ്രാന്‍ഡ് മൂല്യം കുത്തനെ കൂടി. വന്‍കിട ഉപഭോക്താക്കളേക്കാള്‍ ഇടത്തരം ഉപഭോക്താക്കളെയാണ് ഓയോ ലക്ഷ്യം വെച്ചത്.
വൈഫൈ ഇന്റര്‍നെറ്റ്, ബ്രേക്ക് ഫാസ്റ്റ്, എന്നിവ സൗജന്യമായി താമസക്കാര്‍ക്ക് ലഭിക്കും. ബജറ്റ്, പ്രീമിയം മിഡ് സെഗ്മെന്റിലുള്ള റൂമുകള്‍ക്ക് പുറമെ അത്യാഢംബര വിഭാഗവും ഉടന്‍ പുറത്തിറക്കും. കേരളത്തിലെ പ്രധാന നഗരങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലുമായി നൂറോളം ഹോട്ടലുകള്‍ ഓയോക്ക് കീഴിലുണ്ട്.
2019 ഒക്ടോബര്‍ വരെ ആഗോളതലത്തില്‍ 2.3 മില്യണ്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള ആദ്യ 3 ഹോട്ടല്‍ ബുക്കിംഗ് ആപ്പുകളില്‍ ഒന്നാണ് ഓയോ. ഇപ്പോള്‍ അത് 10 മില്യണില്‍ക്കൂടുതലാണ്. അവധിക്കാല ഓഫറുകളുടെ ഭാഗമായി സഞ്ചാരികള്‍ക്കും നഗരത്തിലെ നിവാസികള്‍ക്കുമായി 130000 വീടുകളാണ് ഓയോ ലോകത്തിലെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. 80 രാജ്യങ്ങളിലായി 800 നഗരങ്ങളിലാണ് ഓയോ സേവനങ്ങള്‍ ലഭ്യമാകുന്നത്.
കഴിഞ്ഞയാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ റിതേഷ് അഗര്‍വാളിന്റെ ബിസിനസിനെപ്പറ്റി പ്രത്യേകം പ്രശംസിച്ചിരുന്നു. അഗര്‍വാളിനെ 'ബുദ്ധിമാനായ ബിസിനസുകാരന്' എന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്. ഓയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസിന്റെ വരുമാനത്തില്‍ 2019 ല്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2019 ല്‍ കമ്പനിയുടെ ആകെ വരുമാനം 951 മില്യണ്‍ യുഎസ് ഡോളറാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍